photo

നെടുമങ്ങാട് : അണിഞ്ഞൊരുങ്ങിയ വധുവിനെ നടുക്കിരുത്തി ചുറ്റിലും പെൺകുട്ടികൾ കൈകൊട്ടിപ്പാടി നൃത്തം വയ്ക്കുന്നതാണ് ഒപ്പന. വിവാഹ ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തം. എന്നാൽ,നെടുമങ്ങാട് പത്താംകല്ലിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഒപ്പനയ്ക്ക് മാറ്റേറെ.വധുവിന്റെ സ്ഥാനത്ത് ആറ്റിങ്ങലിലെ ഇടത് സ്ഥാനാർത്ഥി വി.ജോയി.വരന്റെ ഗുണഗണങ്ങൾക്ക് പകരം നർത്തകിമാർ വർണിച്ചത് സ്ഥാനാർത്ഥിയുടെ മേന്മകൾ. ജോയിയുടെ മണ്ഡലം പര്യടനത്തോടനുബന്ധിച്ച് സ്ഥലത്തെ എൽ.ഡി.എഫ് പ്രവർത്തകർ ഒരുക്കിയ സ്വീകരണമാണ് വേറിട്ട കാഴ്ചയായത്.കഴുത്തിൽ ചുവന്ന ഷാൾ ചുറ്റി,വലംകൈയിൽ റോസാപ്പൂവേന്തി തട്ടമിട്ട നർത്തകിമാരുടെ ചുവടിനൊപ്പം താളം പിടിക്കുന്ന സ്ഥാനാർത്ഥിയുടെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. യു.ഡി.എഫ്,ബി.ജെ.പി പ്രവർത്തകരും തങ്ങളുടെ പ്രിയ സ്ഥാനാർത്ഥികളുടെ പ്രചാരണം വേറിട്ടതാക്കുന്നത്തിൽ ഒട്ടും പിന്നിലല്ല.ന്യൂജെൻ കുട്ടികൾക്കൊപ്പം ചിത്രരചന നടത്തി അടൂർ പ്രകാശും,സ്വീകരണ കേന്ദ്രങ്ങളിൽ ഒന്നൊഴിയാതെ ആരതിയുഴിഞ്ഞ് വി.മുരളീധരനും കളത്തിൽ ഒപ്പത്തിനൊപ്പമുണ്ട്.പരസ്യ പ്രചാരണത്തിന് തിരശീല വീഴും മുമ്പ്,വോട്ടർമാരുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ പതിനെട്ടടവും പയറ്റുകയാണ് സ്ഥാനാർത്ഥികളും മുഖ്യധാര മുന്നണികളും.വി.ജോയി ചിറയിൻകീഴ് മണ്ഡലത്തിലെ കടയ്ക്കാവൂർ തെക്കുംഭാഗത്ത് നിന്നാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. അഞ്ചുതെങ്ങ്, കഠിനംകുളം പഞ്ചായത്തുകളിൽ എഴുപതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി പത്തരയോടെ മേനംകുളം വിളയൻകുളത്ത് സമാപിച്ചു. ഇന്ന് വാമനപുരം മണ്ഡലത്തിലെ പാങ്ങോട്,പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങും. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എ.എം.റൈസ്, കൺവീനർ ഇ.എ. സലാം എന്നിവർ നേതൃത്വം നൽകും.വൈകിട്ട് നാലിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആറ്റിങ്ങൽ മാമം മൈതാനത്ത് ജോയിക്ക് വോട്ടഭ്യർത്ഥിച്ച് പ്രസംഗിക്കും.ഗായിക ഗൗരിലക്ഷ്മി നേതൃത്വം നൽകുന്ന 'എഞ്ചോയ്,ജോയി വിത്ത് യൂത്ത്" എന്ന മ്യൂസിക് ഷോയും അരങ്ങേറും.അടൂർ പ്രകാശിന്റെ ആറ്റിങ്ങൽ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം കടുവയിൽ നിന്ന് തുടക്കമായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്‌ണപിള്ള ഉദ്ഘാടനം ചെയ്തു. കടുവയിൽ , ചാത്തമ്പാറ ,ആലംകോട്, വഞ്ചിയൂർ, നഗരൂർ എന്നിവിടങ്ങളിലൂടെ രാത്രി പത്തിന് ശീമവിളയിൽ അവസാനിച്ചു. പൂക്കളും ത്രിവർണക്കൊടികളുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് വഴിയരികിൽ കാത്തു നിന്നത്. നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എൻ.സുദർശൻ,കെ.പി.സി.സി നിർവാഹക സമിതി അംഗം ഇബ്രാഹിം കുട്ടി, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, സോണാൽജി,ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് കബീർ, ജയകുമാർ, ഹാഷിം കരവാരം, ദീപ അനിൽ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് നെടുമങ്ങാട് മണ്ഡലത്തിലെ വെമ്പായം മേഖലയിലാണ് പര്യടനം. രാവിലെ വെട്ടുറോഡ് ജംഗ്‌ഷനിൽ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉദ്‌ഘാടനം ചെയ്യും. കൊയ്ത്തൂർക്കോണം പാലോട്ടുകോണത്ത് വിശ്രമിച്ച് രാത്രി പത്തിന് കോലിയക്കോട് പൂലന്തറയിൽ സമാപിക്കും. വി.മുരളീധരൻ വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട്,കരകുളം പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭ മേഖലയിലുമാണ് പര്യടനം പൂർത്തിയാക്കിയത്.മൂഴി ഉണ്ടപ്പാറയിൽ വീട്ടമ്മമാർ ആരതിയുഴിഞ്ഞ് പുഷ്പവൃഷ്ടിയോടെ തുടക്കം കുറിച്ച പര്യടനം നന്ദിയോട് താന്നിമൂട് ജംഗ്‌ഷനിൽ ഉച്ചവിശ്രമം കഴിഞ്ഞ്, പരിയാരത്ത് പുനഃരാരംഭിച്ചു. ആറാംകല്ല് മാർക്കറ്റ് വഴി രാത്രി ഏണിക്കരയിൽ സമാപിച്ചു. ഇന്ന് ചിറയിൻകീഴ് മണ്ഡലത്തിലെ ആനത്തലവട്ടം,അഴൂർ മേഖലയിലാണ് സ്വീകരണങ്ങൾ. രാവിലെ അങ്കിളിമുക്കിൽ തുടങ്ങി പെരുംകുഴിയിൽ ഉച്ചവിശ്രമം. രാത്രി എം.ജി കോളനിലയിലാണ് സമാപനം.