vote

തിരുവനന്തപുരം: നിറഞ്ഞ ചിരി, സന്തോഷമാർന്ന മുഖഭാവം, ആശയവിനിമയത്തിലുള്ള ചടുലത ഇതാണ് പ്രിയങ്കാഗാന്ധി. 4.25ന് ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കയെ സ്വീകരിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിനൊപ്പം നേതാക്കളുടെ പട. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, എം.വിൻസെന്റ് എം.എൽ.എ എന്നിവർ ആകാംക്ഷയോടെ നിൽക്കുന്നു. ഇടയ്ക്കിടെ ചിലർ വാച്ചിൽ നോക്കുന്നു. കണ്ണുകളെല്ലാം 'ആഗമനം' എന്നെഴുതിയിരിക്കുന്നിടത്തേക്ക്. ദാ എത്തിക്കഴിഞ്ഞു. കാത്ത് നിൽക്കുന്നവരെ കൈവീശി അഭിവാദ്യം ചെയ്തു കൊണ്ട് പ്രിയങ്ക പുറത്തേക്ക്. എല്ലാവരുടെയും മുഖത്ത് ചിരി. ഷാളിട്ട് സ്വീകരിക്കമ്പോൾ തരൂരിനോട് ചെറിയ കുശലം, എല്ലാവർക്കും അഭിവാദ്യം നൽകി വേഗത്തിൽ കാറിലേക്ക്.

വലിയതുറയിൽ കാത്തു നിന്ന നേതാക്കൾക്കും പ്രവർത്തകർക്കുമിടയിലേക്ക് 4:45ഓടെയാണ് പ്രിയങ്ക എത്തിയത്. കാറിൽ നിന്നിറങ്ങി നേതാക്കൾക്കെല്ലാം അഭിവാദ്യം നൽകുന്നതിനിടെ പ്രിയങ്കയുടെ പ്ലക്കാർഡുകളുമായി നിന്ന പ്രവർത്തകർ തങ്ങളുടെ നേതാവിനെ അടുത്തുകാണാൻ തിക്കിത്തിരക്കി. എല്ലാവരെയും തൊഴുതുകൊണ്ട് തരൂരിനും എയർപോർട്ടിൽ സ്വീകരിച്ച നേതാക്കൾക്കുമൊപ്പം പ്രവർത്തകരുടെ പുഷ്പവൃഷ്ടി ഏറ്റുവാങ്ങി തുറന്ന വാഹനത്തിലേക്ക് കയറിയതോടെ റോഡ് ഷോയ്ക്ക് ആരംഭമായി.

ഉത്സവപ്രതീതിയോടെയാണ് വാഹനവ്യൂഹം നീങ്ങിയത്. സേവാദളും പൊലീസും ചേർന്ന് തീർത്ത സുരക്ഷാവ്യൂഹം. അതിനു പിന്നിൽ തുറന്ന ജീപ്പിൽ പ്രിയങ്ക. 'രാജ്യത്തിനു വേണ്ടി ജീവൻബലിയർപ്പിച്ച രാജീവിന്റെ പൊന്നോമന പുത്രി ഇതാ കടന്നുവരുന്നു'' എന്ന അനൗൺസ്‌മെന്റ് മുഴങ്ങിക്കൊണ്ടിരുന്നു.

പ്രിയങ്കയെ ഒരുനോക്ക് കണ്ട് അഭിവാദ്യം ചെയ്യാൻ സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങളും വഴിയരികിൽ. വലിയ തുറയിൽ നിന്ന് ചെറിയതുറയിലേക്കുള്ള വഴിയിൽ കാത്തു നിന്ന അമ്മൂമ്മയെയും കൊച്ചുമകളെയും കാണാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയ പ്രിയങ്ക അവർക്കരികിലെത്തി കുശലം ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ പാടുപെട്ടു. വീണ്ടും തിരികെ കയറി മുന്നോട്ട് നീങ്ങി. ചെറിയ തുറയിലെത്തും മുമ്പ് രാജീവ് ഗാന്ധിയുടെ ചിത്രവുമായി കെട്ടിടത്തിന് മുകളിൽ നിന്ന കുട്ടികളെ പ്രിയങ്ക അടുത്തേക്ക് വിളിച്ചു. ഓടിയെത്തിയ കുട്ടികളെ പ്രവർത്തകർ എടുത്തുയർത്തി. രാജീവിന്റെ ചിത്രം ഹൃദയപൂർവ്വം കുട്ടികൾ പ്രിയങ്കയ്ക്ക് സമ്മാനിച്ചു. ചെറിയതുറയിലേക്ക് എത്തിയതോടെ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷം. എല്ലാവർക്കും ഊർജ്ജസ്വലമായ ചിരി സമ്മാനിച്ച് അവർ കൈവീശിക്കൊണ്ടിരുന്നു.

അതിനിടെ,​ തന്നെക്കാണാൻ കാത്തു നിൽക്കുന്ന ഒരുകൂട്ടം സ്ത്രീകളോട് ഇറങ്ങിച്ചെന്ന് കുശലം പറഞ്ഞു. എല്ലാവർക്കും ആശ്ചര്യവും നിറഞ്ഞ സന്തോഷവും. ബീമാപള്ളിയിലും കൂടി നിന്നവർക്കെല്ലാം പ്രിയങ്കയുടെ വക സ്‌നേഹാഭിവാദ്യം. സമയം വൈകിയതിനാൽ യാത്ര വേഗത്തിലായി. തുറന്ന വാഹനത്തിനു മുമ്പിലുള്ള പ്രവർത്തകരും പൊലീസും ആദ്യം വേഗത്തിൽ നടന്നു. പിന്നെ ഓടി. 5:45ഓടെ പൂന്തുറയിലെ ജനസാഗരത്തിലേക്കാണ് ഷോ വന്നു നിന്നത്. പിന്നീട് മുഖ്യമന്ത്രി പിണറായിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് പ്രസംഗം. തരൂരിനെ ജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ തനിക്ക് നൽകിയ സ്‌നേഹത്തിനു നന്ദി പറഞ്ഞ പ്രിയങ്ക കാറിൽ എയർപോർട്ടിലേക്ക്. 6.22ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടക്കം.