
ബാലരാമപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ ദേഹത്തേക്ക് മരം മുറിഞ്ഞ് വീണ് രണ്ടു പേർക്ക് ഗുരുതര പരിക്ക്. മന്നോട്ട്കോണം സ്വദേശി മായാദേവി, ഉച്ചക്കട സ്വദേശി ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടുകാൽ പഞ്ചായത്തിലെ പുലിവിള വാർഡിലെ തൊഴിലുറപ്പ് പണിക്കിടെയാണ് അപകടം. തെങ്ങ് ഗവേഷണ കേന്ദ്രത്തിന് പിറകിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തടയണ നിർമ്മാണത്തിലേർപ്പെട്ട തൊഴിലാളികളുടെ ദേഹത്തേക്ക് സമീപത്തെ മാവിന്റെ വലിയ ശിഖരം മുറിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റവരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ബിന്ദുവിന്റെ തലയ്ക്കും മായാ ദേവിയുടെ നട്ടെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്. കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട മായാദേവിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.