p-chidambaram

തിരുവനന്തപുരം: 'ഇന്ത്യ' മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കേരളത്തിൽ ഇടതുപക്ഷത്തിന് വോട്ടു ചെയ്തതുകൊണ്ട് പ്രയോജനമില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം പി. ചിദംബരം. അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളെല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.


സി.പി.എമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കെ, ഇടതുപക്ഷത്തിന് വോട്ട് നൽകിയതുകൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. കേരളത്തിന് വേണ്ടി പത്തുവർഷത്തിനിടെ യു.പി.എ സർക്കാർ നടപ്പാക്കിയത് 50,414 കോടിയുടെ പദ്ധതികളാണ്. ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ജനാധിപത്യം മരിക്കും, ഭരണഘടന തകർക്കപ്പെടും, സ്വാതന്ത്ര്യം നഷ്ടമാകും, ജനജീവിതം ദുഃസഹമാകും.


കേരളത്തിൽ 20 സീറ്റും യു.ഡി.എഫ് നേടുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. ജനക്ഷേമം മുൻനിറുത്തിയുള്ളതാണ് കോൺഗ്രസിന്റെ പ്രകടനപത്രിക. പ്രചാരണരംഗത്ത് രാഷ്ട്രീയവും സർക്കാരിന്റെ നേട്ടങ്ങളും പറയാതെ ജാതിയുടെയും മതത്തിന്റെയും ആചാരങ്ങളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ പേരുപറഞ്ഞ് മോദിയും ബി.ജെ.പിയും വീരാരാധന വളർത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലിപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്ന് വിദഗ്ദ്ധർ ചുണ്ടിക്കാട്ടുന്നു. ഇനിയും മോദി സർക്കാർ വന്നാൽ ചൈനയിലും റഷ്യയിലും ഇറാനിലും ഹംഗറിയിലുമൊക്കെ നടക്കുന്ന തിരഞ്ഞെടുപ്പുപോലെ, ജനാധിപത്യമില്ലാത്ത തിരഞ്ഞെടുപ്പായി അത് മാറും.