കല്ലറ : ഒട്ടുമിക്ക സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാരില്ലാത്തിതനിടെയാണ് തിരഞ്ഞെടുപ്പ് അടുത്തതോടെയുള്ള പൊലീസിന്റെ നെട്ടോട്ടം. തിരഞ്ഞെടുപ്പ് അടുക്കെ ദേശീയ നേതാക്കളുൾപ്പെടെയുള്ള വി.വി.ഐ.പികളുടെ വരവും ക്ഷേത്രങ്ങളിലെ ഉത്സവവുമെല്ലാം കൊണ്ട് പൊലീസുകാർ പെടാപ്പാടു പെടുകയാണെന്ന് പറയാം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയാൽ പലപ്പോഴും വീണ്ടും ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണിവർ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസത്തിലേറെയായി ലോക്കൽ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റിലേതുമുൾപ്പെടെ ആയിരത്തോളം പൊലീസുദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ വ്യാപൃതരാണ്. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളെല്ലാം നിലച്ചെങ്കിലും മന്ത്രിമാരും സംസ്ഥാന​ ദേശീയ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കളംനിറഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷൻ രൂപീകരിച്ച വിവിധ സ്ക്വാഡുകളിൽ നൂറിലധികം പൊലീസുകാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ ക്രമസമാധാന പാലനം,​ ഇലക്ഷനുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ എന്നിവയ്ക്കായി അഞ്ഞൂറോളം പേർ വേറെയുമുണ്ട്. ഓരോ പൊലീസ് സ്റ്റേഷനുകളിലെയും പകുതിയോളം പൊലീസുകാർ തിരഞ്ഞെടുപ്പ് ചുമതലകളിലും അതുമായി ബന്ധപ്പെട്ട പരിശീലനത്തിലുമായതോടെ പല സ്റ്റേഷനുകളിലും കേസ് അന്വേഷണത്തിനോ പട്രോളിംഗിനോ ആളില്ലാത്ത സ്ഥിതിയാണ്. പ്രിയങ്കാ ഗാന്ധി, രേവന്ത് റെഡ്ഡി തുടങ്ങി ദേശീയനേതാക്കൾ എത്തിയതോടെ സുരക്ഷാചുമതലയ്ക്കായി നൂറു കണക്കിന് പൊലീസുകാരെയാണ് നിയോഗിക്കേണ്ടിവന്നത്.

കൊട്ടിക്കലാശമെന്ന വെല്ലുവിളിയും

ബുധനാഴ്ചയിലെ കൊട്ടിക്കലാശമാണ് പൊലീസുകാരുടെ മറ്റൊരു പുലിവാൽ. വ്യാഴാഴ്ചയും പോളിംഗ് ദിവസമായ വെള്ളിയാഴ്ചയും 24 മണിക്കൂറും വിശ്രമമില്ലാത്ത പണിയായിരിക്കും പൊലീസിന്. പ്രശ്നബാധിത ബൂത്തുകളുൾപ്പെടെ ജില്ലയിലെ മുഴുവൻ ബൂത്തുകളിലും കേന്ദ്രസേനയും പൊലീസിന്റെ സഹായത്തിനുണ്ടാകും. എൻ.സി.സി, വിമുക്ത ഭടൻമാർ, എൻ.എസ്.എസ് വൊളന്റിയർമാരെയും സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്.