
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധിക്കാനും നിയന്ത്രണ വിധേയമാക്കാനും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളിലാണ് പക്ഷിപ്പനി കണ്ടത്.
ആകെ 18,007 ഓളം വളർത്തുപക്ഷികളെ രണ്ടു പഞ്ചായത്തുകളിലുമായി കൊന്നു നശിപ്പിച്ചു.
17,296 താറാവുകളും 394 കോഴികളും 304 കാടകളും 13 പ്രാവുകളും ഇതിൽ ഉൾപ്പെടുന്നു. 537 മുട്ടകളും 100 കിലോ തീറ്റയും ഇതോടൊപ്പം നശിപ്പിച്ചു. ഇവയ്ക്ക് മുൻകാലങ്ങളിലെ പോലെ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കും.
മൃഗസംരക്ഷണം, റവന്യൂ ,വനം, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലീസ് , മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
രോഗം ബാധിച്ച 10 കിലോമീറ്റർ ചുറ്റളവ് സർവേലൻസ് സോൺ ആയി പ്രഖ്യാപിച്ചു.
ഇവിടെ നിന്ന് പുറത്തേക്കും അകത്തേക്കും വളർത്തുപക്ഷികളുടെ കടത്ത് നിരോധിച്ചു.
വളർത്തുപക്ഷികളുടെ മുട്ടയുടെയും തീറ്റയുടെയും വില്പന കടകൾ
നിരോധനം തീരുന്നതുവരെ തുറക്കില്ല. പക്ഷിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ട , ജാഗ്രത പുലർത്തിയാൽ മതിയെന്ന് മന്ത്രി വ്യക്തമാക്കി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
കായംകുളം: ഡോ.വന്ദനദാസ് കൊലക്കേസിൽ അഡ്വ.പ്രതാപ് ജി.പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച് ഉത്തരവായി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സർക്കാർ ആശുപത്രിയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ഡോ.വന്ദനദാസിന്റെ കേസിൽ പരിചയ സമ്പന്നനായ അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെതുടർന്നാണ് അഡ്വ.പ്രതാപ് ജി. പടിക്കലിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ട് ഇലക്ഷൻ കമ്മിഷന്റെ പ്രത്യേക അനുമതിയോടെയാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.
വോട്ട് ചെയ്യുന്നത്
ക്യാമറയിൽ പകർത്തരുത്
തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തുന്നത് മാദ്ധ്യമപ്രവർത്തകർ ക്യാമറയിൽ പകർത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കമ്പാർട്ട്മെന്റിന്റെ അടുത്തേക്ക് പോകാനും മാദ്ധ്യമപ്രവർത്തകർക്ക് അനുവാദമില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ രേഖകളുള്ള മാദ്ധ്യമപ്രവർത്തകരെ മാത്രമേ പോളിംഗ് സ്റ്റേഷനിൽ പ്രവേശിപ്പിക്കൂ. പോളിംഗ് സ്റ്റേഷനിലെ സ്ഥല സൗകര്യം, തിരക്ക് തുടങ്ങിയവ പരിഗണിച്ചാവും പ്രിസൈഡിംഗ് ഓഫീസർ മാദ്ധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുക.
ശശി തരൂരിന്
എതിരെ കേസ്
തിരുവനന്തപുരം : യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ സൈബർ പൊലീസ് കേസെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണിത്. മതസംഘടനകൾക്ക് പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ രാജീവ് ചന്ദ്രശേഖർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.