
തിരുവനന്തപുരം: എഴുത്തിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കാക്കനാടനെ മറവിക്ക് വിട്ടുകൊടുക്കരുതെന്ന് എഴുത്തുകാരൻ ബാബു കുഴിമറ്റം . കാക്കനാടൻ പഠനഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്ന് നൽകുന്ന കാക്കനാടൻ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം കൊണ്ടുമാത്രമല്ല സ്നേഹം കൊണ്ടും കാക്കനാടൻ മലയാളിയെ വിസ്മയിപ്പിച്ചു. സ്നേഹത്തിന്റെ പ്രവാചകനാണ് കാക്കനാടനെന്നും ബാബു കുഴിമറ്റം പറഞ്ഞു. 25,555 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന കാക്കനാടൻ പുരസ്കാരം 'ഇദം പാരമിതം' എന്ന നോവലിന്റെ രചയിതാവ് വി.ജി.തമ്പിക്ക് ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ സമ്മാനിച്ചു. 175 കഥാകൃത്തുക്കളുടെ മൈക്രോ കഥകൾ ഉൾക്കൊള്ളിച്ച് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച 'കാക്കനാടൻ കഥോത്സവം' മൂന്നാം വോള്യം കവി റോസ് മേരി മാദ്ധ്യമ പ്രവർത്തകൻ എൻ.പി.ചന്ദ്രശേഖരന് നൽകി പ്രകാശിപ്പിച്ചു. 10001രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന 'കാക്കനാടൻ കഥോത്സവം അവാർഡ് ' വിജയ് നായർ ,ബൈജു വർഗീസ്,ലിനു മറിയം ഏബ്രഹാം,സന്തോഷ് പുന്നയ്ക്കൽ എന്നിവർക്ക് സമ്മാനിച്ചു. സാഹിത്യ നിരൂപകൻ സുനിൽ സി.ഇ അദ്ധ്യക്ഷത വഹിച്ചു.പേപ്പർ പബ്ലിക്ക എഡിറ്റർ അൻസാർ സ്വാഗതവും നിസ ബഷീർ നന്ദിയും പറഞ്ഞു.