തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ ബി.എസ്.സി നഴ്സിംഗ് മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിന് ഏകീകൃത അലോട്ട്മെന്റ് അവസാനിപ്പിച്ചുകൊണ്ടുള്ള മാനേജ്മെന്റുകളുടെ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ ഇടപെടൽ. മേയ് രണ്ടിന് മാനേജ്മെന്റ് പ്രതിനിധികളുമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തും. പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള, ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ എന്നീ സംഘടന പ്രതിനിധികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ഓരോ കോളേജിലും 1000രൂപ ഫീസ് ഈടാക്കി പ്രത്യേകം അപേക്ഷ വാങ്ങാനുള്ള മാനേജ്മെന്റുകളുടെ തീരുമാനം വിദ്യാർത്ഥികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും നിലവിൽ മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിന് തുടരുന്ന മെരിറ്റ് സംവിധാനം അട്ടിമറിയ്ക്കപ്പെടുമെന്നും കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഏഴു വർഷമായി ഓൺലൈനായി അപേക്ഷ സ്വീകരിച്ച് ഏകീകൃത അലോട്ട്മെന്റ് നടത്തിയായിരുന്നു മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം. 1000 രൂപ ഫീസ് അടച്ച് സംസ്ഥാനത്തുടനീളമുള്ള 10 കോളേജുകളിലേക്ക് അപേക്ഷിക്കാമായിരുന്നു. എന്നാൽ, ഈ അപേക്ഷാഫീസിന്റെ 18ശതമാനം ജി.എസ്.ടി അസോസിയേഷൻ സർക്കാരിലേക്ക് അടയ്ക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് മാനേജ്മെന്റുകൾ അലോട്ട്മെന്റ് അവസാനിപ്പിച്ച് പ്രത്യേകം പ്രവേശനം നടത്താൻ തീരുമാനിച്ചത്. കോളേജുകൾ സ്വന്തം നിലയിൽ പ്രവേശനം നടത്തിയാൽ ജി.എസ്.ടി ബാധകമാകില്ല. ഏകീകൃത അലോട്ട്മെന്റ് ആരംഭിച്ച 2017മുതലുള്ള ജി.എസ്.ടി അടയ്ക്കുന്നതിലെ തർക്കം ഹൈക്കോടതിയിലാണ്. ജി.എസ്.ടിയില്ലാതെ ഫീസ് മാത്രമാണ് അപേക്ഷകരിൽ നിന്ന് വാങ്ങിയത്. ഇനി ജി.എസ്.ടി അടയ്ക്കാനാകില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. എന്നാൽ ക്രിസ്ത്യൻമാനേജ്മെന്റുകൾ കഴിഞ്ഞവർഷം മുതൽ ഫീസിന് പുറമേ ജി.എസ്.ടിയും ഈടാക്കി തുടങ്ങി.