വെള്ളറട: വരമ്പതി കാളിമലയിൽ നാളെ ചിത്രാ പൗർണമി പൊങ്കാല. പൊങ്കാലയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കാളിതീർത്ഥത്തിലെ നീരുറവയിൽ നിന്നും മലയിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളിൽ ഒരുലക്ഷത്തിലേറെ ലിറ്ററോളം വെള്ളം സംഭരിച്ചു. പൊങ്കാലയ്ക്ക് ആവശ്യമായ അടുപ്പുകളും ക്രമീകരിച്ചു. പൊങ്കാലയിടാനെത്തുന്നവർക്ക് അന്നദാനത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 23ന് രാവിലെ 7.30ന് ചിത്രഗുപ്ത പൂജ,​ 8ന് ഭജന,​ 9ന് 48 സെറ്റിൽമെന്റിന്റെ മൂട്ടുകാണിമാർക്ക് പൂർണ കുംഭം നൽകി ആദരിക്കും. 9.30ന് ക്ഷേത്ര മേൽശാന്തി പണ്ടാര അടുപ്പിലേക്ക് അഗ്നി തെളിക്കും. തുടർന്ന് കുഴിത്തുറ ദേവി കുമാരി കോളേജ് പ്രിൻസിപ്പൽ പ്രൊ: ബിന്ദുജ പൊങ്കാല അടുപ്പുകളേക്ക് അഗ്നി തെളിയിക്കും. 10ന് വിവിധ മേഖലകളിലുള്ളവരെ ഉപഹാരങ്ങൾ നൽകി ആദരിക്കും. ചെങ്കൽ മഹേശ്വരം ശിവാപാർവതി ക്ഷത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിശിഷ്ടാതിഥിയായിരിക്കും. അഡ്വ: എസ്. വിജയധരണി ഉപഹാരം നൽകും. 10 മുതൽ മഹാ അന്നദാനം. 12ന് പൊങ്കാല നിവേദ്യം,​ 5. 30ന് സ്ഥലശുദ്ധി,​ രാത്രി 12ന് മഹാകാളിയൂട്ടോടുകൂടി ഉത്സവം സമാപിക്കും. മറുകൊട ഏപ്രിൽ 30ന് നടക്കും. പൊങ്കാല ദിവസം കേരള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ പ്രത്യേക സർവീസുകൾ നടത്തും.