തിരുവനന്തപുരം: പരസ്യപ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി അസംബ്ളി മണ്ഡലങ്ങളുടെ ഓരോ മുക്കിലും മൂലയിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനുള്ള തത്രപ്പാടിലാണ് മൂന്ന് സ്ഥാനാർത്ഥികളും. സമ്മതിദായകരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ ഇനി കിട്ടുന്നത് രണ്ടു നാൾകൂടി മാത്രം. അതിനാൽ ഇന്നലെ പരമാവധി ഉൾപ്രദേശങ്ങളിലെത്താനുള്ള ശ്രമമാണ് എല്ലാവരും നടത്തിയത്.

ശശി തരൂർ പാറശാലയിൽ

പാറശാല മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ ഇന്നലത്തെ പര്യടനം. അരുവിപ്പുറത്ത് മുൻ മന്ത്രി വി.എസ്.ശിവകുമാർ പര്യടനം ഉദ്ഘാടനം ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ പര്യടനം കൂടി കഴിഞ്ഞപ്പോൾ ശശി തരൂരിന് എതിരാളികളില്ലാത്ത അവസ്ഥയായെന്ന് ശിവകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എ.ടി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാർ,ജി സുബോധൻ,ആർ.വത്സലൻ,നെയ്യാറ്റിൻകര സനൽ,പ്രാണകുമാർ,വിനോദ് സെൻ,ജോസ് ഫ്രാങ്ക്ളിൻ,ജെ.ബി.സാബു രാജേന്ദ്രൻ നായർ,അഡ്വ.ഗിരീഷ് കുമാർ,അഡ്വ.ജോൺസൻ,എസ്.എൻ.സുധീർ,എസ്. വിജയചന്ദ്രൻ,കോലിയോട് സത്യനേശൻ,ദസ്തഗീർ,കള്ളിക്കാട് സുരേന്ദ്രൻ,മുഹമ്മദ് ഹുസൈൻ,ജി.ബാലകൃഷ്ണൻ, അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. പര്യടനം പാറശാലയിൽ സമാപിച്ചു.

പന്ന്യൻ കോവളത്ത്


കോവളം മണ്ഡലത്തിലെ പന്ന്യൻ രവീന്ദ്രന്റെ പര്യടനം പൂർത്തിയായി. അവസാനഘട്ട പര്യടനം കോട്ടുകാൽ പഞ്ചായത്തിലെ അവണാകുഴിയിൽ നിന്നാണ് ആരംഭിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ വിജയൻ,​പി.എസ്. ഹരികുമാർ,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തീരദേശ മേഖലകളിലെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്വല വരവേല്പാണ് ലഭിച്ചത്. രാത്രി വൈകി പര്യടനം എ.കെ.ജി നഗറിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.ആർ.എസ്.ജയൻ,ആദർശ് കൃഷ്ണ,കണ്ണൻ എസ്. ലാൽ,​ശരൺ ശശാങ്കൻ,ആന്റസ് തുടങ്ങിയവർ സംസാരിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ വികസന രേഖ

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ വികസനത്തിനായി എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കിയ അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്ര പദ്ധതികളടങ്ങിയ വികസന രേഖ ഇന്നലെ പ്രകാശനം ചെയ്‌തു. തീരുവനന്തപുരത്തെ തീരദേശ മേഖലയുടെ വികസനത്തിന് സവിശേഷ ഊന്നൽ നൽകിയുള്ള പ്രകടന പത്രികയുടെ പ്രകാശനത്തിനായി വലിയതുറ തീരത്ത് പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ബോട്ടിൽ തീരത്തെത്തിച്ച വികസന രേഖ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവലാണ് പ്രകാശനം ചെയ്‌തത്.