സംഭവം കഴക്കൂട്ടത്ത് നാലുപേർക്ക് പരിക്ക് രണ്ടുപേർ അറസ്റ്റിൽ
കഴക്കൂട്ടം: കഴക്കൂട്ടത്തെ ബിയർ പാർലറിൽ പിറന്നാൾ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് കുത്തേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടിൽ വീട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിള വീട്ടിൽ അനസ് (22) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം അലത്തറ ആക്കുളം സ്വദേശികളായ സൂരജ്, സ്വരൂപ്, വിശാഖ്, ഷാലു എന്നിവർക്കാണ് കുത്തേറ്റത്. കഴക്കൂട്ടം ടെക്നോപാർക്കിനടുത്തുള്ള ബിയർ പാർലറിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പരിക്കേറ്റവരിൽ രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
ശ്രീകാര്യം സ്വദേശിയായ അക്ബറിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയവരും ബിയർ പാർലറിൽ നേരത്തെയുണ്ടായിരുന്ന സംഘവും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. കേക്ക് മുറിക്കുന്നതും നൃത്തം ചെയ്യുന്നതും സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ നേരത്തെ പാർലറിൽ ഉണ്ടായിരുന്ന സംഘത്തിലെ ഒരാൾ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പിറന്നാൾ സംഘം തിരിച്ചും ആക്രമിച്ചതോടെ കൂട്ടത്തല്ലും കത്തിക്കുത്തുമായി.
പാർലറിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമണം നടത്തിയവരിൽ ഭൂരിഭാഗം പേരും രക്ഷപ്പെട്ടു. പരിക്കേറ്റവരെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. പൊലീസ് ഫോറൻസിക് വിഭാഗവും കഴക്കൂട്ടം എക്സൈസും ഇന്നലെ ഹോട്ടലിലെത്തി പരിശോധന നടത്തി. രാത്രി 11നുശേഷം പാർലർ പ്രവർത്തിച്ചിട്ടുണ്ടോയെന്നും മദ്യം വിതരണം ചെയ്‌തിട്ടുണ്ടോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. ഹോട്ടലിലെ സി.സി ടിവി ക്യാമറയിൽ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കഴക്കൂട്ടം അസി.കമ്മിഷണർ ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.