photo

നെടുമങ്ങാട്: മലയോരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം മീനച്ചൂടിലും പൊടിപൊടിക്കുകയാണ്. ഉരുകുന്ന പ്രചാരണ വീഥികളിൽ തെല്ലൊരു കുളിരു പകർന്ന് ഇന്നലെ വേനൽ മഴ ചൊരിഞ്ഞു. ആശ്വാസവും ആഹ്ലാദവും തിരതല്ലിയ സ്ഥാനാർത്ഥി പര്യടന കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് ആവേശം 'അതുക്കും മേലെ". താളമേളങ്ങളും തെയ്യവും തിറയും മാനത്ത് വർണ വിസ്‌മയങ്ങളും വിരിയിച്ച് ഇനി കലാശക്കൊട്ടിലേക്ക്. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, പ്രവചനാതീതമായ രാഷ്ട്രീയ പോരിന് വേദിയാവുകയാണ് ആറ്റിങ്ങൽ.

അവസാനവട്ട സ്ഥാനാർത്ഥി പര്യടനങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും പരമാവധി പ്രവർത്തകരെ ഇറക്കി പ്രചാരണപ്പോരിലെ മേൽക്കൈ നേടാനാണ് നേതാക്കളുടെ നെട്ടോട്ടം. ആളും ആരവവും മുഴക്കി, സർവശക്തിയും ഉപയോഗിച്ച് കലാശക്കൊട്ടിന് സജ്ജമാക്കുകയാണ് പ്രധാന മുന്നണികൾ. പഞ്ചായത്ത് കേന്ദ്രങ്ങൾ തോറും കൊട്ടിക്കലാശത്തിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയാണ്.

ഒരു മാസമായി തുടരുന്ന പര്യടനത്തിന്റെ പരിസമാപ്തി അടയാളപ്പെടുത്തുന്ന സ്വീകരണമാണ് മുക്കിലും മൂലയിലും സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. വാമനപുരം മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളിലായിരുന്നു ഞായറാഴ്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ പര്യടനം. പാങ്ങോട് ദേശാഭിമാനി ജംഗ്‌ഷനിൽ തുടങ്ങി കൊല്ലം ജില്ലാതിർത്തിയും തോട്ടം മേഖലയും പിന്നിട്ട് പാലോട് കരിമൺകോട് ഉച്ചവിശ്രമം. നാടൻ കലാരൂപങ്ങളുടെയും നൃത്തരൂപങ്ങളുടെയും അകമ്പടിയിലായിരുന്നു പാലോട് എതിരേറ്റത്. ആദിവാസി പ്രദേശമായ ഇടിഞ്ഞാറും ഞാറനീലിയും തെന്നൂരും ലഭിച്ചത് ഊഷ്മള സ്വീകരണം. രാത്രി പത്തോടെ നന്ദിയോട് ജംഗ്‌ഷനിൽ വാഹന റാലിയുടെ അകമ്പടിയിൽ സമാപനം. സി.പി.എം നേതാക്കളായ വി.കെ.മധു,പി.എസ്.മധു,ഇ.എ സലിം,സി.പി.ഐ നേതാക്കളായ പി.എസ്.ഷൗക്കത്ത്,ഡി.എ.രജിത് ലാൽ,എ.എം.റൈസ് തുടങ്ങിയവർ അനുഗമിച്ചു. വൈകിട്ട് നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂരിൽ വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുൻമന്ത്രി സി.ദിവാകരൻ ഉദ്‌ഘാടനം ചെയ്തു.

ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കും. രാവിലെ ഊന്നിൻമൂട് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ വി.മണിലാലിന്റെയും സെക്രട്ടറി എസ്.ഷാജഹാന്റെയും നേതൃത്വത്തിൽ പര്യടനം ആരംഭിക്കും.ഓടയത്ത് ഉച്ചവിശ്രമം.രാത്രി കണ്ണമ്പ നടയറയിൽ സമാപിക്കും.

നെടുമങ്ങാട് മണ്ഡലത്തിലെ വെമ്പായം മേഖലയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പര്യടനം. ദഫ്‌മുട്ടും വാദ്യമേളങ്ങളും വാഹനറാലികളും പര്യടനത്തിന് മിഴിവേകി. സി.എം.പി നേതാവ് സി.പി ജോൺ വെട്ടുറോഡ് ജംഗ്‌ഷനിൽ ഉദ്‌ഘാടനം നിർവഹിച്ചു. അണ്ടൂർക്കോണം, പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകളിലൂടെ പര്യടനം കടന്നുപോയി പൂലന്തറയിൽ സമാപിച്ചു. കല്ലയം സുകു, അൽത്താഫ്,മുനീർ, തേക്കട അനിൽ, വിവേക്, വെമ്പായം മനോജ് , കുന്നുംപുറം അഷറഫ് , ആലുവിള വാഹിദ് ,എസ്.എ. വാഹിദ് എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.യു, മഹിളാകോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഇന്ന് രാവിലെ പര്യടനം ആറ്റിങ്ങൽ കാട്ടുപുതുശേരിയിൽ ആരംഭിക്കും. വർക്കല കഹാർ ഉദ്‌ഘാടനം ചെയ്യും. മടവൂർ ജംഗ്‌ഷനിലാണ് ഉച്ചവിശ്രമം. രാത്രി കുടവൂർ പള്ളി വഴി പുലിക്കുഴിമുക്കിൽ സമാപിക്കും.

എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ചിറയിൻകീഴ് മണ്ഡലം പര്യടനം പൂർത്തിയാക്കി. ആനത്തലവട്ടം അങ്കിളിമുക്കിൽ അമ്മമാർ ആരതിയുഴിഞ്ഞ് തുടക്കം. താമരപ്പൂക്കളും മൊട്ടുമാലയും പുഷ്പകിരീടവും അണിയിച്ച്, അമ്പതിലേറെ കേന്ദ്രങ്ങളിൽ പ്രവർത്തകരുടെ ആവേശകരമായ സ്വീകരണം. രാവിലെ 25ഓളം കേന്ദ്രങ്ങൾ പിന്നിട്ട് അഴൂർ പെരുംകുഴിയിൽ വിശ്രമിച്ച് രാത്രി പത്തരയോടെ എം.ജി കോളനിയിൽ സമാപിച്ചു. ഇന്ന് പര്യടനം തുടരും.