തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ കോപ്പി പേസ്റ്റ് പാർട്ടിയാണെന്നും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കോപ്പിയടിച്ച് സ്വന്തം പേരിലാക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും ബി.ജെ.പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിച്ച ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാരിന്റെ പത്തു വർഷത്തെ വികസന പദ്ധതികളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ വിഭജന രാഷ്ട്രീയമാണ് 'ഇന്ത്യ' മുന്നണി പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ തന്നെ ആ മുന്നണിയിൽ പോര് തുടങ്ങിയിട്ടുണ്ട്. അഞ്ചാം ഘട്ടമാകുമ്പോൾ അത് അഞ്ചു ഭാഗമായി മാറും.

രണ്ട് മുഖ്യമന്ത്രിമാർ ജയിലിലല്ലേ, എന്തുകൊണ്ടാണ് പിണറായി വിജയനെ ജയിലിലടയ്ക്കാത്തതെന്നാണ് കേരളത്തിലെത്തുമ്പോൾ രാഹുൽ ഗാന്ധി ചോദിക്കുന്നത്. രാഹുൽ ഗാന്ധിയെ ജയിലിലടയ്ക്കാത്തതെന്തെന്നാണ് പിണറായിയുടെ മറുചോദ്യം. പരസ്പരം കേരളത്തിൽ പോരടിക്കുകയും കേരളത്തിന് പുറത്ത് ഇവർ ഒരുമിക്കുകയും ചെയ്യുന്നു.

സാക്ഷരതയിലും മാനവ വിഭവശേഷി വികസനത്തിലും ഏറെ മുന്നിലെന്നു പറയുന്ന കേരളത്തിലെ വിദ്യാർത്ഥികളും യുവതീ യുവാക്കളും മെച്ചപ്പെട്ട തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ജനങ്ങളുടെ ഇച്ഛ അനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടെ സിൽവർ ലൈനിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ വന്ദേഭാരത് എക്സ്‌‌പ്രസ് കൊണ്ടുവന്ന് മോദി അത് നടപ്പാക്കി കാണിച്ചു. പാലക്കാട്ടും തിരുവനന്തപുരത്തുമുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇതിന്റെ അവകാശികൾ തങ്ങളാണെന്നാണ് ഇപ്പോൾ പറയുന്നത്.

ഇതേ രീതിയിലുള്ള വികസനം മോദിയുടെ നേതൃത്വത്തിൽ ഇനിയുമുണ്ടാകും. അതിന് കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് എം.പിമാരുണ്ടാകണം. ഇടതു,​ വലത് മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് പ്രതിപക്ഷത്തിരിക്കാൻ വിട്ടാൽ കേരളത്തിന് അർഹമായ രീതിയിലുള്ള വികസനം ഉണ്ടാവില്ല.