തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവൻമാരുടെയും ആറാട്ടോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം കൊടിയിറങ്ങി. ഇന്ന് രാവിലെ 9.30ന് ക്ഷേത്രത്തിൽ ആറാട്ട് കലശം നടക്കും.
ഇന്നലെ വൈകിട്ട് 4.30ന് മതിലകത്ത് എഴുന്നള്ളിച്ച വിഗ്രഹങ്ങൾക്ക് ദീപം ഉഴിഞ്ഞായിരുന്നു പ്രദക്ഷിണം. ഘോഷയാത്രയുടെ വരവറിയിച്ച് പെരുമ്പറ കെട്ടിയ ആന മുന്നിലും പള്ളിവാളേന്തി ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമയും രാജപ്രതിനിധികളും പിന്നിലും നീങ്ങി. കനകനിർമിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയും നരസിംഹമൂർത്തിയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയും പുറത്തേക്കെഴുന്നെള്ളി. സായുധപൊലീസും കരസേനയുടെ മദ്രാസ് ബ്രിഗേഡും ആചാരബഹുമതി നൽകി.
വേൽക്കാർ, കുന്തക്കാർ, വാളേന്തിയവർ, പട്ടമേന്തിയ ബാലകർ, പൊലീസ് ബാൻഡ് സംഘം എന്നിവ ഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര പടിഞ്ഞാറെ കോട്ടയിലെത്തിയപ്പോൾ ആചാരവെടി ഉയർന്നു. വീഥിക്കിരുപുറവും ഭക്തർ നിവേദ്യം അർപ്പിച്ചു.
വിമാനത്താവളം റൺവേ മറികടന്ന് ശംഖുമുഖത്തെത്തിയ വിഗ്രഹങ്ങൾ തീരത്തെ മണ്ഡപത്തിൽ ഇറക്കിവച്ചു. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് മാറ്റി. ക്ഷേത്രം തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെയും പെരിയ നമ്പി കെ.രാജേന്ദ്ര അരിമണിത്തായ, പഞ്ചഗവ്യത്ത് നമ്പി തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണു എന്നിവരുടെയും നേതൃത്വത്തിൽ പൂജകൾക്ക് ശേഷം വിഗ്രഹങ്ങളെ മൂന്നുതവണ ആറാടിച്ചു. രാത്രി 10 മണിയോടെ തിരിച്ചെഴുന്നള്ളിച്ചു. തന്ത്രിയുടെ കാർമ്മികത്വത്തിൽ ശ്രീബലിയും കൊടിയിറക്കവും നടന്നു.
ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, തുളസി ഭാസ്‌ക്കരൻ, കരമന ജയൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവരാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയത്.