photo

നെടുമങ്ങാട്: വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ നെടുമങ്ങാട് മേഖലയിൽ വ്യാപക നാശം.വീടുകളുടെയും കടകളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി.നെടുമങ്ങാട് ജില്ലാ ആശുപത്രി വളപ്പിൽ വാഹനങ്ങൾക്ക് മീതെ മരക്കൊമ്പ് ഒടിഞ്ഞു വീണു.കച്ചേരിനടയിലും ചന്തമുക്കിലും കടകളുടെ മുൻവശത്തെ ഇറക്കുകൾ പറന്നുപോയി.ആളപായമില്ല.വൈദ്യുതി ലൈനുകൾ പലയിടങ്ങളിലും പൊട്ടിവീണു. നെട്ട, ഉഴമലയ്ക്കൽ, ചാരുംമൂട്, ഉണ്ടപ്പാറ, ആറ്റിൻപുറം, പറണ്ടോട്, മഞ്ച ഭാഗങ്ങളിലാണ് നാശനഷ്ടം. തിരുവനന്തപുരം - തെങ്കാശി പാതയിൽ പത്താംകല്ല്, കല്ലമ്പാറ, ആര്യനാട് റോഡിൽ നെട്ടിറച്ചിറ തുടങ്ങിയ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നെട്ട പഴയരാജപാത തുടങ്ങുന്ന ഭാഗത്ത് വീടിന്റെ മേൽക്കൂര ഇളകി റോഡിൽ പതിച്ചു. ഉണ്ടപ്പാറയിൽ തെങ്ങു വീണ് വീട് ഭാഗികമായി തകർന്നു. നെടുമങ്ങാട് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ കെ.എൻ.ഷാജിയുടെയുടെയും സീനിയർ ഓഫീസർ സുനിൽ കുമാറിന്റെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു നീക്കി മാർഗതടസം നീക്കി. വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം രാത്രിയിലും പുനഃസ്ഥാപിക്കാനായില്ല.