തിരുവനന്തപുരം: നന്മയുടെ രൂപമായിരുന്നു പി.ഭാസ്കരൻ മാഷെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അയ്യൻകാളി ഹാളിൽ പി.ഭാസ്കരൻ ജന്മശതാബ്ദി ആഘോഷവും ജന്മശതാബ്ദി പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയംവരത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ചെന്നൈയിൽ സിനിമാരംഗത്തെ പ്രമുഖരെയെല്ലാം ക്ഷണിച്ചു. ഷോ കഴിഞ്ഞ് ഓരോരുത്തരും തിയേറ്ററിന് പുറത്തെത്തി. പക്ഷേ, ഇഷ്ടമായെന്നോ ഇല്ലെന്നോ പറഞ്ഞില്ല. ആ സമയം എനിക്കരികിലേക്ക് ഒരാൾ വന്ന് നെഞ്ചിൽ കൈവച്ച് പറഞ്ഞു, ഈ ചിത്രത്തിന് പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ കിട്ടണമെന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. പി.ഭാസ്കരനായിരുന്നു അത്. ആ ദിനം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും അടൂർ പറഞ്ഞു.
പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന് അദ്ദേഹം സമ്മാനിച്ചു. പി.ഭാസ്കരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് തുടക്കമായത്. അടൂരിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി.
'രാഘവന് അർഹമായ ഇടം കിട്ടിയില്ല'
മലയാള സിനിമയിൽ നടൻ രാഘവന് അർഹമായ ഇടം കിട്ടിയില്ലെന്ന് അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. മലയാള സിനിമയിൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ പഠിച്ച രണ്ടു പേരേയുള്ളൂ. മധുവും രാഘവനും. അർഹമായ ഇടം കിട്ടാത്തതിൽ രാഘവന് പരിഭവമില്ല. ജീവിതത്തെ ലളിതമായി കാണുന്നയാളാണ് അദ്ദേഹം.