echoori-attingal

ആറ്റിങ്ങൽ: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാർ ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ തകർത്തു. പാർലമെന്റിനെ നോക്കുകുത്തിയാക്കി രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടുവന്നെന്നും യെച്ചൂരി പറഞ്ഞു. മാമം ഗ്രൗണ്ടിൽ വി. ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് ഞാനും പിണറായിയും എല്ലാം. ജയിലിൽ പോകാൻ ഞങ്ങൾക്ക് പേടിയില്ല. ജയിലിൽ പോകാൻ പേടിയുള്ള കോൺഗ്രസുകാരാണ് ബി.ജെ.പിയിൽ ചേരുന്നത് . കേരളത്തിൽ നിന്ന് ബി.ജെ.പിയുടെ ഒരു എം.പി പോലും പാർലമെന്റിലേക്ക് പോകില്ല. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാൻ ബി.ജെ.പി പിന്തുണ നൽകുകയാണ്. മോദി സർക്കാർ ദേശീയ സമ്പദ് വ്യവസ്ഥയെ തകർക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം കൂടിക്കൊണ്ടിരിക്കുന്നു. ഇലക്ടറൽ ബോണ്ടിനെ എതിർത്തത് ഇടതുപക്ഷമാണെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു. സി.എസ്. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ, ആനാവൂർ നാഗപ്പൻ, എ.എ. റഹീം എം.പി, ഫിറോസ് ലാൽ, എൻ. രാജൻ, ഷാജി തുടങ്ങിയവർ സംസാരിച്ചു. ബി.സത്യൻ സ്വാഗതം പറഞ്ഞു.