
കിളിമാനൂർ: വേനൽ മഴയ്ക്കൊപ്പം കാറ്റിലും ഇടിമിന്നലിലും രണ്ട് വീടുകൾ ഭാഗികമായി തകരുകയും കൃഷി നാശവുമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്ന്, പുതുമംഗലം മേഖലകളിലാണ് കാറ്റ് വൻ നാശം വിതച്ചത്. പനപ്പാംകുന്ന് തോയിക്കോണത്ത് വീട്ടിൽ അനിൽകുമാറിന്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു. വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഷീറ്റിന്റെ ഒരു ഭാഗം അനിൽകുമാറിന്റെ ദേഹത്ത് തട്ടിയെങ്കിലും പരിക്കുകളില്ല. പനപ്പാംകുന്ന് എൻജിനീയറിംഗ് കോളേജ് റോഡിൽ വൻമരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകൾ തകർന്നു. അഗ്നിരക്ഷാസേനയെത്തി മരച്ചില്ലകൾ വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനായിട്ടില്ല. പരുത്തൻ കോട് തടത്തരികത്തു വീട്ടിൽ പ്രവീണിന്റെ വീടിന്റെ ഭിത്തിയിൽ മിന്നലേറ്റ് വിള്ളൽ വീണു. പുതുമംഗലം യു.പി.എസിനു സമീപം ചന്ദ്രഭവനത്തിൽ വിജയകുമാറിന്റെ ഇരുന്നൂറിൽപ്പരം ഏത്തവാഴകൾ കാറ്റിൽ വീണു. മേഖലയിൽ പലയിടത്തും വാഴയും മരച്ചീനിയുമടക്കം കൃഷി നാശവുമുണ്ടായി.