കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുന്നു. കുടിവെള്ളമെത്തിയ്ക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും നടപടിയില്ല. കപ്പാംവിള, ഡീസന്റ് മുക്ക്, വൈരമല പ്രദേശങ്ങളിൽ പൈപ്പിലൂടെ വെള്ളമെത്തിയിട്ട് 22 ദിവസം കഴിഞ്ഞു. കൊടും വേനലിൽ ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാൽ പൈപ്പ് ലൈനിലൂടെയുള്ള കുടിവെള്ള വിതരണം കൂടി ആഴ്ചകളായി മുടങ്ങിയതോടെ വെള്ളത്തിക്കാനായി പരക്കം പായുകയാണ് പ്രദേശവാസികൾ. കുടിവെള്ളമില്ലാതെ നാട്ടുകാർ നട്ടം തിരിഞ്ഞിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. വേനൽ കടുത്തതോടെ ഭൂരിഭാഗം കിണറുകളിലെയും വെള്ളം വറ്റി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശവാസികൾ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് പൊതു ടാപ്പുകളെയായിരുന്നു. എന്നാൽ നാവായിക്കുളം പഞ്ചായത്തിലെ പൊതു ടാപ്പുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്.
വെള്ളം കിട്ടാതെ...
വാട്ടർ അതോറിട്ടിയിൽ നിന്നും വരുന്ന ഭീമമായ ബിൽ തുകയാണ് പൊതു ടാപ്പുകൾ നീക്കം ചെയ്യാൻ കാരണമെന്നും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വാട്ടർ കണക്ഷൻ നൽകിയെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. പഞ്ചായത്തിലെ പൊതു ടാപ്പുകൾ പൊതു ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
വേനൽ കടുത്തതോടെ ചിലർ ദൂരെ സ്ഥലങ്ങളിൽ നിന്നും വെള്ളം തലച്ചുമടായി കൊണ്ടു വരുകയും മറ്റു ചിലർ ബന്ധു വീടുകളിലേയ്ക്ക് താമസം മാറുകയും ചെയ്തു. പ്രദേശത്ത് ടാങ്കറിൽ കുടി വെള്ളമെത്തിച്ച് വിതരണം ചെയ്യുകയോ പൈപ്പ് ലൈനിലൂടെ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളമെത്തിക്കുകയോ ചെയ്ത് അടിയന്തരമായി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.