1

തിരുവനന്തപുരം: ടൂറിസം വികസനം കാത്ത് വിഴിഞ്ഞം ഹാർബർ ഏരിയ. ബൊള്ളാർഡ് പുൾടെസ്റ്റിംഗ് കേന്ദ്രത്തിനുസമീപം കടൽക്കാഴ്ചകൾ കാണാൻ ദിവസം നിരവധിപേരാണ് കുടുംബസമേതം എത്തുന്നത്. കോവളത്തെത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഇവിടെയും സന്ദർശിക്കാറുണ്ട്. രാജ്യാന്തര തുറമുഖ നിർമ്മാണസ്ഥലത്തിന്റെ വിശാലമായ കാഴ്ചകൾ കാണാനും പകർത്താനുമാണ് ഇവിടെ സഞ്ചാരികളെത്തുന്നത്. ഈ പ്രദേശത്ത് മത്സ്യവിഭവങ്ങൾക്കു മാത്രമായി നൂറോളം ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. നഗരത്തിരക്ക് ഒഴിവാക്കാനും കടൽക്കാറ്റേറ്റ് കടൽ സൗന്ദര്യം ആസ്വദിച്ചും ഭക്ഷണം കഴിക്കാനും ദൂരെ സ്ഥലങ്ങളിൽനിന്നു ദിവസവും നിരവധിപേർ എത്തുന്നു. ഉച്ചമുതൽ തുടങ്ങുന്ന തിരക്ക് അർദ്ധരാത്രി വരെ നീളും.

 പാർക്ക് നവീകരിക്കണം

ഇൻസ്പെക്ഷൻ ബംഗ്ലാവിനു സമീപത്ത് ഹാർബർ റോഡിൽ ടൂറിസം പദ്ധതിപ്രകാരം നിർമ്മിച്ച പാർക്ക് തകർന്ന അവസ്ഥയിലാണ്. വിശാല കടൽത്തീരത്ത് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് പാർക്ക് നിർമ്മിച്ചത്. വിഴിഞ്ഞം ഹാർബർ ഇൻസ്പെക്ഷൻ ബംഗ്ലാവിനു മുന്നിലെ റോഡിൽ നിന്ന് 1200 മീറ്റർ ദൂരത്തിലാണ് ടൂറിസം വികസന പദ്ധതികൾ നടപ്പാക്കിയത്. എന്നാൽ നോട്ടക്കുറവും കടുത്ത അവഗണനയും മൂലം ഈ പദ്ധതികളെ മുളയിലേനുള്ളിയെന്ന് സഞ്ചാരികൾ പറയുന്നു.

 ഒരുക്കിയ സൗകര്യങ്ങൾ
ഇരിപ്പിടങ്ങൾ
ചെറു ഉദ്യാനം
കമ്മ്യൂണിറ്റി ടോയ്ലെറ്റ്
നടപ്പാതകൾ
അലങ്കാര വിളക്കുകൾ
ചെറു കഫറ്റേരിയ

ഇപ്പോൾ: എല്ലാം പൊട്ടിപ്പൊളിഞ്ഞു


നിർമ്മിതി കേന്ദ്രമാണ് പദ്ധതി നടപ്പാക്കിയത് - വർഷം 2014
ചെലവ്: 1. 80 കോടി ആയിരുന്നെങ്കിലും നവീകരണത്തിന്റെ പേരിൽ വീണ്ടും വൻ ചെലവ് ഉണ്ടായി.