
പള്ളിക്കൽ:മടവൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ ഒരു വ്യക്തിയുടെ കിണറ്റിൽ അകപ്പെട്ട മയിലിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞാറയിൽകോണം വടക്കേവിളയിൽ മുഹമ്മദ്ഇല്യാസിന്റെ കിണറ്റിലാണ് കഴിഞ്ഞദിവസം മയിൽ അകപ്പെട്ടത്.വീട്ടുകാർ വാർഡ്മെമ്പർ കൂടിയായ വൈസ് പ്രസിഡന്റ് റസിയയെ അറിയിച്ചു.തുടർന്ന് പാലോട് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം സാധിച്ചില്ല.പിന്നീട് നാവായിക്കുളം അഗ്നി രക്ഷാസേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നാല്പത് അടി താഴ്ചയുള്ള കിണറ്റിൽനിന്ന് മയിലിനെ ജീവനോടെ പുറത്തെത്തിച്ച് വനം വകുപ്പിന് കൈമാറുകയായിരുന്നു.