ആറ്റിങ്ങൽ: കടുത്ത വേനലിലും ആറ്റിങ്ങൽ പട്ടണത്തിൽ തണ്ണീർപന്തൽ ഒരുക്കാതെ നഗരസഭ.കുടിവെള്ള ക്ഷാമവും,കഠിനമായ ചൂടിലും വലഞ്ഞു ജനം.കഴിഞ്ഞ വർഷങ്ങളിൽ വേനൽക്കാലത്ത് നഗരത്തിലുടനീളം അധികൃതർ നിരവധിയിടങ്ങളിൽ തണ്ണീർപന്തൽ ഒരുക്കിയിരുന്നു.ഇതിനുപുറമേ വ്യാപാര സ്ഥാപനങ്ങളിലും,ബസ് സ്റ്റാൻഡുകളിലും തണ്ണീർപന്തലുകൾ ഒരുക്കിയിരുന്നു.നഗരത്തിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ മുൻനിറുത്തി തണ്ണീർപന്തലുകൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതുപോലെ ആറ്റിങ്ങൽ മേഖലയിൽ പലയിടത്തും കഴിഞ്ഞ 8 ദിവസത്തോളമായി ജലഅതോറിട്ടിയുടെ കുടിവെള്ളമെത്തിയിട്ടില്ലെന്നും പരാതിയുണ്ട്.പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവർ ദുരിതത്തിലാണ്.പ്രാഥമിക ആവശ്യത്തിനുള്ള വെള്ളത്തിനു പോലും പലരേയും ആശ്രയിക്കേണ്ട സ്ഥിതിയിലാണിപ്പോൾ.വാമനപുരം നദിയിൽ വെള്ളമില്ലാത്തതിനാൽ പമ്പിംഗ് പൂർണമായും നടക്കുന്നില്ലെന്ന ന്യായം നിരത്തി ഉദ്യോഗസ്ഥരും ഇപ്പോൾ തടിതപ്പുകയാണ്.
കനത്ത വേനൽമഴ ലഭിച്ചില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ജലവിതരണം പൂർണമായും മുടങ്ങുന്ന സ്ഥിതിയാണിപ്പോൾ.പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവർ ഇപ്പോൾ ടാങ്കർ ജലത്തെയാണ് ആശ്രയിക്കുന്നത്.വീടുകളിലെ ടാങ്ക് നിറയ്ക്കുന്നതിന് 250 രൂപ മുതൽ 500 രൂപ വരെ ചെലവ് വരും.ഈ വെള്ളം രണ്ട് ദിവസത്തേക്ക് പോലും തികയുന്നില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.