തിരുവനന്തപുരം: സ്കൈലൈൻ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് (എസ്.എഫ്.എസ് ഹോംസ്) റിയൽ എസ്റ്റേറ്റ് അനലറ്റിക്കൽ ഗ്രേഡിംഗ് സ്ഥാപനമായ ക്രിസിലിന്റെ 'ഡി.എ 2 പ്ലസ്" ഡെവലപ് ഗ്രേഡിംഗ്. സമയബന്ധിതമായി മികച്ച ഗുണനിലവാരത്തോടെ പ്രോജക്ടുകൾ കൈമാറുന്നത് കണക്കിലെടുത്താണ് എസ്.എഫ്.എസ് ഹോംസിന് ഇത്തവണയും ഗ്രേഡിംഗ് ലഭിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള എസ്.എഫ്.എസ് ഗ്രൂപ്പിന്റെ ശക്തമായ ബ്രാൻഡിംഗും സൽപ്പേരും മികച്ച വിപണി സാന്നിദ്ധ്യവും ഉപഭോക്താവിന് നിയമപരമായ പിന്തുണ ഉറപ്പാക്കുന്നതും ഗ്രേഡിംഗ് നിലനിറുത്തുന്നതിനുള്ള സവിശേഷ ഗുണങ്ങളായി കണ്ടെത്തിയെന്ന് ക്രിസിൽ ബിസിനസ് ഹെഡ് ബിനൈഫർ ജഹാനി പറഞ്ഞു. തുടർച്ചയായ ഏഴാം വർഷമാണ് ഡി.എ. 2 പ്ലസ് ഗ്രേഡിംഗ് എസ്.എഫ്.എസ് ഹോംസിന് ലഭിക്കുന്നത്. 2009 മുതൽ ക്രിസിൽ ഗ്രേഡഡ് ഡെവലപ്പർ നേടുന്ന ബിൽഡിംഗ് കമ്പനിയാണിത്.
കവടിയാർ എസ്.എഫ്.എസ് റിട്രീറ്റിൽ നടന്ന ചടങ്ങിൽ ക്രിസിൽ ബിസിനസ് ഹെഡ് ബിനൈഫർ ജഹാനിയിൽ നിന്ന് എസ്.എഫ്.എസ് ഹോംസ് എക്സിക്യുട്ടീവ് ചെയർമാൻ കെ. ശ്രീകാന്ത് ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എസ്.എഫ്.എസ് എം.ഡി. കെ. ലവ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് എം. രാജഗോപാൽ, സീനിയർ വൈസ് പ്രസിഡന്റ് ആനി ഫിലിപ്പ്, ക്രിസിൽ അസോസിയേറ്റ് ഡയറക്ടർ അബ്ബാസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.