തിരുവനന്തപുരം: പ്രചാരണ പര്യടനത്തിനിടെ വിട്ടുപോയ സ്ഥലങ്ങളിലെത്താനും പ്രത്യേകം കാണേണ്ട വോട്ടർമാരെ നേരിൽ കാണാനുമാണ് തിരുവനന്തപുരം മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഇന്നലെ ശ്രമിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സ്വീകരണത്തിന് എത്തിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ നെയ്യാറ്റിൻകരയിൽ നേരത്തെ വിട്ടുപോയ സ്ഥലങ്ങളിലാണ് എത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മലയോരമേഖലയിലാണ് ഇറങ്ങിയത്.

തങ്ങളുടെ പ്രിയപ്പെട്ട രവിയേട്ടന് ഊഷ്മളമായ വരവേല്പ് നൽകി നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ.തമ്പാനൂർ സ്റ്റാൻഡിലാണ് തങ്ങളുടെ പ്രിയസഖാവിന് ഇവർ സ്വീകരണമൊരുക്കിയത്. തന്റെ പ്രധാന യാത്രാമാർഗമാണ് ഓട്ടോറിക്ഷയെന്നും അതിനാൽ ഓട്ടോത്തൊഴിലാളികളിൽ പലരുമായും നല്ല ഹൃദയബന്ധമാണ് ഉള്ളതെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും പറഞ്ഞു. മറ്റു തിരഞ്ഞെടുപ്പ് പര്യടന തിരക്ക് കാരണമാണ് ഇവിടെ സ്വീകരണത്തിനെത്താൻ വൈകിയത്.സ്വീകരണത്തിന് ഓട്ടോറിക്ഷയിലെത്തിയ പന്ന്യൻ രവീന്ദ്രനെ തൊഴിലാളികൾ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സ്ഥാനാർത്ഥി തൊഴിലാളികൾക്കൊപ്പം ഫോട്ടോയെടുത്ത് ചായയും കുടിച്ചാണ് മടങ്ങിയത്.

ടെക്നോപാർക്ക് സന്ദർശിച്ച് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.പിന്നീട് മെഡിക്കൽ കോളേജ് കാമ്പസിലും വൈകിട്ട് പൊഴിയൂരിലെ തീരദേശ മേഖലയിലും പര്യടനം നടത്തി.

നെയ്യാറ്രിൻകര അസംബ്ളി മണ്ഡലത്തിൽ എത്താൻ കഴിയാതിരുന്ന പ്രദേശങ്ങളിലെ വോട്ടർമാരെ കാണുകയായിരുന്നു ഇന്നലെ ശശിതരൂർ. പ്രദേശത്തെ തുടർന്നുള്ള വികസന പ്രവർത്തനങ്ങളിൽ സജീവമായി താൻ ഉണ്ടാവുമെന്ന ഉറപ്പാണ് സ്ഥാനാർത്ഥി പൊതുവായി സ്വീകരണ പരിപാടിയിൽ സമ്മതിദായകരെ അറിയിച്ചത്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ച പര്യടനം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ പഴവഞ്ചാലയിൽ സമാപിച്ചു.കെ.അശോക് കുമാർ,കെ.പി.സി.സി സെക്രട്ടറിമാരായ ആർ.വത്സലൻ,അഡ്വ.പ്രാണകുമാർ,എം.സി.സെൽവരാജ്, അഡ്വ.എം.മുഹുനുദീൻ,വി.ശ്രീധരൻ നായർ,ഭുവനേന്ദ്രൻ നായർ,കുളത്തൂർ കബീർ ജോർജ് ജോസഫ് തുടങ്ങിയവർ പര്യടനത്തെ അനുഗമിച്ചു.

മലയോര മേഖല കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഇന്നലത്തെ പര്യടനം. രാവിലെ വെള്ളറട മണ്ഡലത്തിലെ വാഹന പ്രചാരണ ജാഥ മുള്ളലവിൻമൂടിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ.കെ.ശശി ഉദ്ഘാടനം ചെയ്തു.അതിർത്തി പ്രദേശമായ ശൂരവകാണി മലയോര മേഖല സന്ദർശിച്ച് മൈലക്കര,തേവൻക്കോട്,കള്ളിക്കാട്,നെയ്യാർ ഡാം എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥിക്ക് സ്ത്രീ ജനങ്ങളാണ് സ്വീകരണം നൽകിയത്. മലയോര മേഖലയിൽ ഇനിയും അടിസ്ഥാനവികസനം എത്തിയിട്ടില്ലെന്നും ദീർഘവീക്ഷണമുള്ള വികസന കാഴ്ച്ചപ്പാടാണ് ബി.ജെ.പിയുടേതെന്നും സ്ഥാനാർത്ഥി വോട്ടർമാരോട് പറഞ്ഞു. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന അമ്പൂരിയിലെ യാത്രാക്ലേശത്തെക്കുറിച്ചായിരുന്നു ജനങ്ങളുടെ പരാതി. വെള്ളറട ജംഗ്ഷനിൽ പര്യടനം സമാപിച്ചു.