
തിരുവനന്തപുരം: ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ ഇർഫാൻ തലസ്ഥാനത്തെയും പിടികിട്ടാപുള്ളി. 2021ൽ തലസ്ഥാനത്തെ പ്രമുഖ സ്വർണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇർഫാനണെന്ന് സ്ഥിരീകരിച്ചു. കേരളത്തിലെ തന്റെ ആദ്യ മോഷണമാണതെന്ന് ഇർഫാൻ മൊഴി നൽകിയിട്ടുണ്ട്.
സി.സി.ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് സ്ഥിരീകരണം. 2021 ഏപ്രിൽ 14ന് പുലർച്ചെയയായിരുന്നു മോഷണം.
മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും ജുവലറിയുടമയുടെ വീട്ടിൽ നിന്ന് കവർന്നെന്നാണ് നിലവിലുള്ള കേസ്. ഇതിൽ ഇർഫാന്റെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു.എന്നാൽ, അവിടെ നിന്ന് ഒന്നും ലഭിച്ചില്ലെന്നാണ് ഇർഫാന്റെ മൊഴി. പുലർച്ചെ ഒന്നരയ്ക്കും മൂന്നിനുമിടയിലായിരുന്നു അവിടെയും മോഷണം. അതിനിടെയിൽ ഗോവൻ പൊലീസ് ഇർഫാനെ മറ്റൊരു മോഷണക്കേസിൽ പിടികൂടിയെന്ന വാർത്ത കേരള പൊലീസിന് ലഭിച്ചു. എന്നാൽ, മ്യൂസിയം പൊലീസ് ഗോവയിലെത്തിയപ്പോൾ തലേദിവസമേ പ്രതി ജാമ്യത്തിലറങ്ങി മുങ്ങിയെന്നാണറിഞ്ഞത്. രണ്ടു ദിവസം ഗോവയിൽ കറങ്ങിയെങ്കിലും ഇർഫാനെ പിടികൂടാനായില്ല. കൊവിഡ് കാലത്തിന്റെ ആനുകൂല്യവും പ്രതിക്ക് കിട്ടിയിരുന്നു. എങ്ങും സ്ഥിരമായി താമസിക്കുന്ന രീതിയല്ല ഇർഫാന്റേത്.
കസ്റ്റഡിയിൽ വാങ്ങാൻ മ്യൂസിയം പൊലീസ്
ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണക്കേസിൽ ഇർഫാനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മ്യൂസിയം എസ്.എച്ച്.ഒ മഞ്ജുലാൽ പറഞ്ഞു. മൂന്നു വർഷത്തിനുമുമ്പ് മോഷണം നടന്ന അതേ മാസത്തിൽ തന്നെ പ്രതി പിടിയിലായത് പൊലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്.
വൈദഗദ്ധ്യവും ആസൂത്രണവും
നഗരത്തിന്റെ കേന്ദ്രഭാഗത്തു മൂന്നു വളർത്തു നായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുൾപ്പെടെ വൻ സുരക്ഷാസംവിധാനമുണ്ടായിരുന്ന ജൂവലറി ഉടമയുടെ വീട്ടിലെ മോഷണം പൊലീസിനെ ഞെട്ടിച്ചിരുന്നു.
രാജ്ഭവനു സമീപം സുരക്ഷാമേഖലയിൽ ഉയർന്ന മതിലുള്ള വീട്ടിൽ മോഷണം നടത്തണമെങ്കിൽ അത്ര വൈദഗ്ദ്ധ്യമുണ്ടാവണം. സമീപത്തെ വീടുകളുടെ മുകളിലൂടെയോ മതിൽ വഴിയോ രണ്ടാം നിലയിലേക്കു കയറി ഒരാൾക്കു കയറാവുന്ന തരത്തിലുള്ള ജനാലയിലൂടെയാണു മോഷ്ടാവ് അകത്തു പ്രവേശിച്ചത്. ജനാലയിൽ ഘടിപ്പിച്ചിരുന്ന കൊതുകുവല ഇളക്കിമാറ്റി. വളർത്തുനായ്ക്കളുടെയും സുരക്ഷാജീവനക്കാരുടെയും ശ്രദ്ധ പതിയാതിരുന്ന ഭാഗത്തുകൂടിയാണ് അകത്തുകടന്നത്. ഈ ഭാഗത്തു സി.സി.ടി.വിയും ഉണ്ടായിരുന്നില്ല. മോഷ്ടാവ് കയറിയ മുകളിലെ മുറിയിൽ ഉടമയുടെ പേരക്കുട്ടികളാണ് ഉറങ്ങിയിരുന്നത്. രാത്രി താക്കോൽ വീഴുന്ന ശബ്ദം കേട്ടെങ്കിലും അവർ എഴുന്നേറ്റില്ല.
ഒരാൾ മാത്രമാണ് അകത്തു കടന്നതെന്നാണു സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നത്.
ഉത്തരേന്ത്യയിലെ പ്രൊഫഷണൽ മോഷണ സംഘത്തിൽപ്പെട്ടവരുടെ രീതിയാണു മോഷ്ടാവിന്റേതെന്നാണു ദൃശ്യങ്ങളിൽനിന്ന് മനസിലാക്കിയിരുന്നത്.