തിരുവനന്തപുരം: മിൽമ പാൽ ദിവസങ്ങളോളം കേടാകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വ്യാജവാർത്തക്കെതിരെ നിയമ നടപടിയുമായി മിൽമ. വാർത്ത പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മിൽമ അധികൃതർ അറിയിച്ചു. പാൽ വാങ്ങി 10 ദിവസം കഴിഞ്ഞിട്ടും കേടാകുന്നില്ലെന്നും രാവസ്തുക്കൾ ചേർക്കുന്നത് കൊണ്ടാണെന്നുമായിരുന്നു ആരോപണം. പാക്ക് ചെയ്തതു മുതൽ രണ്ട് ദിവസം വരെ എന്ന രീതിയിൽ യൂസ് ബൈ ഡേറ്റ് പാൽ പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തണുപ്പിച്ച് സൂക്ഷിച്ചാൽ നിശ്ചിത തീയതി വരെ പാലിന്റെ തനത് ഗുണവും മണവും രുചിയും സംരക്ഷിക്കപ്പെടുമെന്നതാണ് യൂസ് ബൈ ഡേറ്റ്. പാൽ കേടുവരുന്നത് സ്വാഭാവികമാണെങ്കിലും അഭികാമ്യമായ ഊഷ്മാവിൽ തണുപ്പിച്ച് സൂക്ഷിച്ചാൽ ദിവസങ്ങൾ കഴിഞ്ഞ് പാൽ ചൂടാക്കിയാലും പിരിയണമെന്നില്ല. എന്നാൽ സ്വാഭാവിക ഗുണവും മണവും രുചിയുമുണ്ടാകില്ല. ഈ യാഥാർഥ്യം ഉൾക്കൊള്ളാതെയായിരുന്നു വാർത്ത. രാസവസ്തുക്കളൊന്നും പാലിൽ ചേർക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ ക്ഷേമമാണ് മിൽമ ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾക്കുള്ള വിശ്വാസ്യത ഇല്ലാതാക്കാനും മിൽമയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് വ്യാജവാർത്തകൾക്ക് പിന്നിലെന്നും മിൽമ കൂട്ടിച്ചേർത്തു.