
വർക്കല: ഓരോ കേന്ദ്രങ്ങളിലും വികസനം പ്രധാന ചർച്ചാവിഷയമാക്കിയാണ് സ്ഥാനാർത്ഥികളുടെ പര്യടനം പുരോഗമിക്കുന്നത്. വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ആറ്റിങ്ങലിൽ നടന്ന എൻജോയി എന്ന പരിപാടി കവിതയും പാട്ടും പ്രസംഗവും ഒക്കെയായി യുവത്വം ആഘോഷമാക്കി. യുവവോട്ടർമാരുടെ വൻ പങ്കാളിത്തമാണ് ഇത്തവണ ഓരോ മുന്നണികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ കാണാൻ സാധിക്കുന്നത്.
വർക്കല നിയോജക മണ്ഡലത്തിലാണ് വി.ജോയി ഇന്നലെ തിരഞ്ഞെടുപ്പ് പര്യടനം നടത്തിയത്. ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഊന്നിൻമൂട് ജംഗ്ഷനിൽ നിന്ന് പര്യടനമാരംഭിച്ചു.ആനയും അമ്പാരിയുമായി കളർഫുൾ സ്വീകരണമാണ് പ്രവർത്തകർ ഊന്നിൻമൂട്ടിൽ ഒരുക്കിയത്.പഞ്ചായത്തിലെ തോണിപ്പാറ,ഹരിഹരപുരം,കെടാകുളം,കരവാരം, കരുനിലക്കോട്,കാർഗിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വെട്ടൂർ,ഇടവ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു.വോട്ടർമാർ ഷാൾ,കാർഷിക ഉത്പന്നങ്ങൾ,മത്സ്യം മുതലായവ സമ്മാനിച്ച് വി.ജോയിയെ വരവേറ്റു. വൈകിട്ട് വർക്കല നഗരസഭ പ്രദേശങ്ങളിൽ തുടർന്ന പര്യടനം രാത്രിയോടെ നടയറ ജംഗ്ഷനിൽ സമാപിച്ചു. ഇന്നത്തെ ചിറയിൻകീഴ് മണ്ഡലത്തിലെ മൂന്നാംവട്ട പര്യടനത്തോടുകൂടി സ്ഥാനാർത്ഥി പര്യടനം പൂർത്തിയാകും.
കിഴുവിലം,ചിറയിൻകീഴ്,അഴൂർ പഞ്ചായത്തുകളിലാണ് ഇന്ന് വി.ജോയിയുടെ പര്യടനം. കാട്ടുംപുറം ജംഗ്ഷനിൽ നിന്ന് രാവിലെ 8ന് പര്യടനമാരംഭിക്കും.
വർക്കലയിലെ നാവായിക്കുളത്തായിരുന്നു അടൂർ പ്രകാശ് ഇന്നലെ പര്യടനം നടത്തിയത്.ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്ര സന്ദർശനത്തോടു കൂടിയാണ് പര്യടനം ആരംഭിച്ചത്.കാട്ടുപുതുശ്ശേരിയിൽ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തായിരുന്നു പര്യടനം.ആവേശോജ്ജ്വലമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും പ്രവർത്തകർ ഒരുക്കിയിരുന്നത്.പള്ളിക്കൽ,സീമന്തപുരം,മടവൂർ,നടയറ,പാളയംകുന്ന്,വണ്ടിപ്പുര തുടങ്ങി 60ഓളം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ പുലിക്കുഴി മുക്കിൽ സമാപിച്ചു. വക്കം,പഴയകുന്നുമേൽ,പുളിമാത്ത്,ആനാട്,കുറ്റിച്ചൽ എന്നീ പഞ്ചായത്തുകളിലാണ് ഇന്നത്തെ പര്യടനം.
പര്യടനവും റോഡ് ഷോയുമായി മണ്ഡലം നിറഞ്ഞുള്ള പ്രചാരണമായിരുന്നു ഇന്നലെ വി.മുരളീധരന്റേത്.
നെടുമങ്ങാട് നിന്നാരംഭിച്ച റോഡ് ഷോ മഹിളാമോർച്ച ദേശീയ പ്രസിഡന്റും തമിഴ്നാട് എം.എൽ.എയുമായ വാനതി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.പഴകുറ്റി,വെമ്പായം,കന്യാകുളങ്ങര,പോത്തൻകോട്,വെഞ്ഞാറമൂട്,നഗരൂർ ആലംകോട് വഴി ആറ്റിങ്ങലിൽ റോഡ് ഷോ സമാപിച്ചു.കൊറ്റംപള്ളിയിൽ നിന്നാരംഭിച്ച പര്യടനം ബി.ജെ.പി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്ലാവൂർ,വിളപ്പിൽ,പേയാട് പ്രദേശങ്ങളിൽ നടത്തിയ പര്യടനം രാത്രിയോടെ ചപ്പാത്ത് ജംഗ്ഷനിൽ സമാപിച്ചു.