photo

നെടുമങ്ങാട് : പ്രവർത്തകരിൽ ആവേശം നിറച്ച് അവസാനഘട്ട പര്യടനത്തിലാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ. നാളെ വൈകിട്ട് നടക്കുന്ന കൊട്ടിക്കലാശത്തിന്റെ ത്രില്ലിലാണ് അണികൾ. പരസ്യപ്രചാരണത്തിന് തിരശീല വീഴുന്നതിന്റെ ആരവം ഇന്നലെ പ്രധാന ജംഗ്‌ഷനുകളിൽ ഇരമ്പിയാർത്തു. സ്ഥാനാർത്ഥി പര്യടനത്തിലും സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനാവലിയാണ് ഒഴുകിയെത്തുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ് വർക്കല നവായിക്കുളത്തായിരുന്നു പര്യടനം. മണ്ഡലത്തിലെ ടൂറിസം- ആരോഗ്യ രംഗങ്ങളിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ഓരോ കേന്ദ്രങ്ങളിലും അടൂർ പ്രകാശ് എണ്ണിപ്പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വഴിവക്കിൽ കാത്തുനിന്ന് ആവേശോജ്ജ്വല സ്വീകരണമാണ് വിവിധ പഞ്ചായത്തുകളിൽ ലഭിച്ചത്. രാവിലെ ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.പര്യടനം കാട്ടുപുതുശേരിയിൽ മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീറിന്റെ അദ്ധ്യക്ഷതയിൽ ബി.ആർ.എം.ഷഫീർ,ധനപാലൻ,ഷിബു,ഷാലി,രെഹാസ്.പി.വിജയൻ,ബ്ലോക്ക് പ്രസിഡന്റ് അനീഷ്, രവീന്ദ്രൻ ഉണ്ണിത്താൻ,എം.ആർ.ജയകൃഷ്ണൻ,എം.എം.താഹ,ജിഹാദ് കല്ലമ്പലം,അഫ്‌സൽ മടവൂർ എന്നിവർ നേതൃത്വം നൽകി.ഇന്ന് വക്കം,പുളിമാത്ത്, കുറ്റിച്ചൽ, ആനാട് പഞ്ചായത്തുകളിലാണ് അടൂർ പ്രകാശിന്റെ പര്യടനം. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിക്ക് വോട്ടുതേടി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തിങ്കളാഴ്ച കാട്ടാക്കട,അരുവിക്കര,നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. രാവിലെ പേയാടും വൈകിട്ട് നെടുമങ്ങാട് ചന്തമുക്കിലും തുടർന്ന് വെള്ളനാട്ടുമാണ് പ്രസംഗിച്ചത്.ജനക്കൂട്ടം പ്രകടനമായി പൊതുയോഗ നഗരികളിലേക്ക് പ്രവഹിച്ചു. മന്ത്രി ജി.ആർ.അനിൽ,എം.എൽ.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, സി.പി.എം നേതാക്കളായ ആർ.ജയദേവൻ,എൻ.ഷൗക്കത്തലി, കെ.പി.പ്രമോഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.വി.ജോയിയുടെ പര്യടനം വർക്കല മണ്ഡലത്തിലെ ഊന്നിൻമൂട്ടിൽ തുടങ്ങി എഴുപതോളം സ്വീകരണ കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രി നടയറയിൽ സമാപിച്ചു. ഇന്ന് ചിറയിൻകീഴ് മണ്ഡലത്തിലെ കാട്ടുംപുറത്ത് ആരംഭിച്ച് പടനിലം ഭാഗത്ത് ഉച്ചവിശ്രമം. അറുപതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി പെരുംകുഴി ജംഗ്‌ഷനിൽ സമാപിക്കുമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഡി.ടൈറ്റസും സെക്രട്ടറി ആർ.സുഭാഷും അറിയിച്ചു.ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ നെടുമങ്ങാട് വൈകിട്ട് വിപുലമായ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി - എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരന് വോട്ടഭ്യർത്ഥിച്ച്, മഹിള മോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസൻ നയിച്ച റോഡ് ഷോ ശക്തിപ്രകടനമായി. ഇന്നലെ വൈകിട്ട് നാലോടെ നെടുമങ്ങാട് നിന്നാരംഭിച്ച മഹിളകളുടെ റോഡ് ഷോ വീഥികളെ ഇളക്കിമറിച്ചു. ബി.ജെ.പി പതാകയേന്തിയ നൂറുകണക്കിന് വനിതകൾ ഇരുചക്രവാഹനങ്ങളിൽ അണിനിരന്നു.താളമേളങ്ങൾ കൊഴുപ്പേകി. സ്ഥാനാർത്ഥി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിൽ അംഗം തോട്ടയ്ക്കാട് ശശി,സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ, മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, കൗൺസിലർമാരായ സുമയ്യ മനോജ്,വിനോദിനി തുടങ്ങിയവർ നേതൃത്വം നൽകി.റോഡ് ഷോ രാത്രി ആറ്റിങ്ങലിൽ സമാപിച്ചു. രാവിലെ കാട്ടാക്കട പ്ലാവൂർ, വിളപ്പിൽ,പേയാട് മേഖലയിൽ നാല്പതോളം കേന്ദ്രങ്ങൾ സന്ദർശിച്ച് മുരളീധരൻ സ്വീകരണവും ഏറ്റുവാങ്ങി. കൊറ്റംപള്ളിയിൽ ആരംഭിച്ച പര്യടനം ബി.ജെ.പി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആമച്ചൽ,മലപ്പനംകോട്, ചൊവ്വള്ളൂർ, പേയാട് ജംഗ്‌ഷൻ വഴി ഉച്ചകഴിഞ്ഞ് മൈലാടി ചപ്പാത്തിൽ സമാപിച്ചു. ഇന്ന് പര്യടനം തുടരും.