കഴക്കൂട്ടം: ബിയർ പാർലറിൽ പിറന്നാൾ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതികളെ റിമാൻഡ് ചെയ്‌തു. പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടിൽ വീട്ടിൽ ഷമീം (34),കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിള വീട്ടിൽ അനസ് (22) എന്നിവരാണ് റിമാൻഡിലായത്.
ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് കേസിലെ പ്രധാന പ്രതി. ഇയാൾ ഒളിവിലാണ്. കഴക്കൂട്ടത്തെ ജിമ്മിൽ ട്രെയിനറായി ജോലിചെയ്യുന്ന ഇയാളുടെ പേരിൽ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്നാണ് വിവരം. രാത്രി 11ന് ബിയർ പാർലറിൽ നിന്ന് പുറത്തിറങ്ങുന്ന വാതിലിൽ മാർഗതടസം സൃഷ്ടിച്ച സംഘത്തോട് മാറിനിൽക്കാൻ ചെറുവയ്‌ക്കൽ സ്വദേശി സ്വരൂപും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്നതോടെ ഒമ്പതംഗസംഘം അക്രമം അഴിച്ചുവിടുകയും കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് നെഞ്ചിലും കൈയിലും കുത്തിപ്പരിക്കേല്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
സൂരജ്,സ്വരൂപ്,വിശാഖ്,ഷാലു എന്നിവർക്കാണ് കുത്തേറ്റത്. ചികിത്സയിൽ കഴിയുന്ന ഇവർ അപകടനില തരണം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രി 11.30ന് ശേഷം ബിയർ നൽകിയതിന് ബിയർ പാർലറിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.