v-joy

വർക്കല: കൊട്ടിക്കലാശം ഗംഭീരമാക്കി പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ആറ്റിങ്ങൽ കച്ചേരിനട, കിളിമാനൂർ, വിതുര, വർക്കല മൈതാനം, വെഞ്ഞാറമൂട്, കാട്ടാക്കട ജംഗ്ഷൻ എന്നിവിടങ്ങളാണ് പരസ്യ പ്രചാരണത്തിന്റെ അവസാനം കുറിക്കുന്ന മണ്ഡലത്തിലെ കൊട്ടിക്കലാശത്തിന്റെ പ്രധാന വേദികൾ. വൈകിട്ട് 5ന് പരസ്യപ്രചാരണം അവസാനിക്കും.

മൂന്ന് റൗണ്ടുകളിലായി 7 നിയമസഭാ മണ്ഡലങ്ങളിലെ 1300 ലധികം കേന്ദ്രങ്ങളിൽ ഇടത് സ്ഥാനാർത്ഥി വി.ജോയി പര്യടനം പൂർത്തിയാക്കി. പൊതുവായ സ്ഥാനാർത്ഥി പര്യടനത്തിനു മുൻപ് തന്നെ മണ്ഡലത്തിലെ ഊരുകളും തീരപ്രദേശങ്ങളും ക്യാമ്പസുകളിലുമെല്ലാം വി.ജോയി സന്ദർശനം നടത്തിയിരുന്നു. കിഴുവിലം, ചിറയിൻകീഴ്, അഴൂർ പഞ്ചായത്തുകളിലാണ് ഇന്നലെ വി.ജോയി പര്യടനം നടത്തിയത്. കാട്ടുംപുറം ജംഗ്ഷനിൽനിന്നാരംഭിച്ച പര്യടനം കാട്ടുമുറാക്കൽ, പഴഞ്ചിറ, ആനത്തലവട്ടം, ശാർക്കര, കോട്ടപ്പുറം തുടങ്ങി അറുപതിലധികം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ പെരുംങ്കുഴി ജംഗ്ഷനിൽ സമാപിച്ചു. വിതുര, വെഞ്ഞാറമൂട്, കിളിമാനൂർ എന്നിവിടങ്ങളിൽ ഇന്നലെ നടന്ന വി.ജോയിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സംസാരിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മണ്ഡലത്തിലുടനീളം വി. ജോയിയുടെ റോഡ് ഷോ നടക്കും. രാവിലെ 10ന് കാട്ടാക്കടയിൽ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് വർക്കലയിൽ സമാപിക്കുന്ന രീതിയിലാണ് റോഡ് ഷോ നടക്കുക. വൈകിട്ട് 3 മണിയോടെ ആറ്റിങ്ങൽ ടൗണിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.


വക്കം പണയിൽക്കടവിൽ നിന്നാണ് ഇന്നലെ അടൂർ പ്രകാശിന്റെ പര്യടനം ആരംഭിച്ചത്‌. പഴയകുന്നുമേൽ, പുളിമാത്ത്, ആനാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഊഷ്മളമായ സ്വീകരണം ഒരുക്കിയിരുന്നു. രാത്രിയോടെ കുറ്റിച്ചലിൽ പര്യടനം സമാപിച്ചു. വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലെയും പ്രധാന ജംഗ്ഷനുകളിലെത്തി വോട്ടർമാരെ നേരിൽ കാണും. ഉച്ചയോടെ ആറ്റിങ്ങലിൽ നടക്കുന്ന കൊട്ടിക്കലാശത്തിലും പങ്കെടുക്കും.

ആര്യനാട്, മലയിൻകീഴ്, വട്ടപ്പാറ, കല്ലറ, കിളിമാനൂർ ടൗണുകളിൽ വി. മുരളീധരൻ ഇന്നലെ കാൽനട പ്രചാരണം നടത്തി. ടൗണുകൾ കേന്ദ്രീകരിച്ച് കച്ചവടക്കാരെയും നാട്ടുകാരെയും നേരിൽക്കണ്ടും വോട്ട് അഭ്യർത്ഥിച്ചു. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും ഒരുക്കിയിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിനായി വി. മുരളീധരൻ തയാറാക്കിയ വികസനരേഖയുടെ പ്രകാശനവും ഇന്നലെ നടന്നു.