 മുൻകൂട്ടി നിശ്ചയിച്ചതും അടിയന്തര പ്രാധാന്യമുള്ളവയും നടന്നു

തിരുവനന്തപുരം : സ്റ്റെന്റ് ക്ഷാമത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന പ്രചാരണത്തിനിടെ രണ്ടു ദിവസമായി കാർഡിയോളജി വിഭാഗത്തിലെ കാത്ത് ലാബിൽ നടന്നത് 24 ശസ്ത്രക്രിയകൾ. ഇതിൽ ആഴ്ചകൾക്കു മുൻപേ നിശ്ചയിച്ചവയും അടിയന്തര സ്വഭാവമുള്ളവയും ഉൾപ്പെടുന്നു. ശസ്ത്രക്രിയകൾക്ക് ആവശ്യമായ സ്റ്റെന്റ്,കത്തീറ്റർ,ബലൂൺ,വയർ,പേസ്‌മേക്കർ തുടങ്ങിയ സാമഗ്രികളെല്ലാം ആശുപത്രിയിൽ സ്റ്റോക്കുണ്ട്. തിങ്കളാഴ്ചയും ഇന്നലെയും രണ്ട് കാത്ത് ലാബുകളിലായി 10വീതം ശസ്ത്രക്രിയകളാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച അടിയന്തര സ്വഭാവമുള്ള നാല് കേസുകളും നടന്നു. ഇന്നലെ കിഡ്നി പ്രശ്നമുള്ള ഒരു രോഗിയുടെ ശസ്ത്രക്രിയ ദീർഘനേരം നീണ്ടു. ശരാശരി പത്തു കേസുകൾ ഇന്നും നടക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ശസ്ത്രക്രിയ സാമഗ്രികൾക്ക് ക്ഷാമം വന്നാൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ച് അടിയന്തര പ്രാധാന്യമുള്ളവ മാത്രമാക്കി ചുരുക്കും.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ശസ്ത്രക്രിയ സാമഗ്രികളുടെ വിതരണം ഏജൻസികൾ നിറുത്തിവച്ചതോടെ വരും ദിവസങ്ങളിൽ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ മെഡിക്കൽ കോളേജ് എസ്.എ.ടിയോടു ചേർന്നുള്ള ഐ.എച്ച്.ഡി.ബിയിൽ (ഇൻ ഹൗസ് ഡ്രഗ് ബാങ്ക്) നിന്ന് ഒരുമാസത്തേക്ക് അഞ്ച് മെഡിക്കൽ കോളേജുകളിലേക്ക് സ്റ്റെന്റ് ഉൾപ്പെടെ വാങ്ങാൻ സർക്കാർ 10കോടി രൂപ അനുവദിച്ചിരുന്നു.പിന്നാലെ ഐ.എച്ച്.ഡി.ബി അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി മേധാവിയെ ബന്ധപ്പെട്ട് ശസ്ത്രക്രിയാ സാമഗ്രികൾ കുറവുണ്ടോയെന്നും നിലവിലെ സാഹചര്യവും വിലയിരുത്തി.

മൂന്നാഴ്ച മുമ്പ് നിശ്ചയിച്ച എന്റെ ശസ്ത്രക്രിയ നടന്നു

മൂന്നാഴ്ച മുമ്പ് നിശ്ചയിച്ചതുപോലെ തന്റെ ആൻജിയോപ്ലാസ്റ്റി തിങ്കളാഴ്ച നടന്നതായി നെയ്യാറ്റിൻകര പെരുമ്പഴുതൂർ നീലകണ്ഠഭവനിൽ ഗോപകുമാർ (63) പറഞ്ഞു. സ്റ്റെന്റ് ഇടേണ്ടിവന്നു. മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.കൃത്യമായി എല്ലാം നടന്നെന്നും അദ്ദേഹം പറഞ്ഞു.

ഡോ.സിബു മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നുമാസം മുമ്പാണ് നെഞ്ചുവേദനയുമായി ഗോപകുമാർ മെഡിക്കൽ കോളേജിൽ എത്തിയത്. പരിശോധനകൾക്കു ശേഷം അടിയന്തര സ്വഭാവമില്ലെന്ന് കണ്ടെത്തി മൂന്നാഴ്ചയ്ക്കു ശേഷം ദിവസം നിശ്ചയിച്ചു.ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ നിന്ന് മടങ്ങി.

വിതരണം നിലച്ചതോടെ ശസ്ത്രക്രിയ സാമഗ്രികളുടെ സ്റ്റോക്കിൽ കുറവുണ്ട്. എന്നാൽ ശസ്ത്രക്രിയകളെ ബാധിക്കുന്ന സ്ഥിതിയില്ല.ശസ്ത്രക്രികൾ മാറ്റിവച്ചിട്ടില്ല. ഇന്നും പതിവു പോലെ ശസ്ത്രക്രിയ നടക്കും.

-ഡോ.സുനിൽകുമാർ.ബി.എസ്

സൂപ്രണ്ട്

മെഡിക്കൽ കോളേജ് ആശുപത്രി.

പിന്നിൽ ഗൂഢലക്ഷ്യം

സ്റ്റെന്റില്ലെന്നും ശസ്ത്രക്രിയ മുടങ്ങിയെന്നും വ്യാജപ്രചാരണം നടത്തുന്നത് വിതരണക്കാരെ സഹായിക്കാനാണെന്നാണ് വിവരം. ഐ.എച്ച്.ഡി.ബി വഴി സ്റ്റെന്റ് ഉൾപ്പെടെയുള്ളവ വാങ്ങിയാൽ വിതരണക്കാരും കാർഡിയോളജി വിഭാഗവും തമ്മിലുള്ള സ്റ്റെന്റ് ഇടപാട് അവസാനിക്കും.ഇത് മുൻകൂട്ടിക്കണ്ടാണ് ശസ്ത്രക്രിയ നിലച്ചതായി പ്രചരിപ്പിക്കുന്നത്. ഈ ഘട്ടത്തിൽ വിതരണക്കാരെ സർക്കാർ ഇടപെട്ട് അനുനയിപ്പിച്ച് വീണ്ടും പഴയപടിയാക്കാനാണ് ശ്രമം.

കൂടുതൽ സാമഗ്രികൾ ഇന്നെത്തും

ഐ.എച്ച്.ഡി.ബിക്ക് 10കോടി നൽകിയതു പ്രകാരമുള്ള കൂടുതൽ സാമഗ്രികൾ ഇന്നെത്തും. തിരുവനന്തപുരം,​കോട്ടയം,​എറണാകുളം,​കോഴിക്കോട്,​തൃശൂർ മെഡിക്കൽ കോളേജുകളിലെ കാർഡിയോളജി മേധാവിമാർ ആവശ്യപ്പെട്ടതു പ്രകാരമുള്ള സാമഗ്രികൾ ഇന്നുമുതൽ വിതരണം ചെയ്യും.

കാത്ത് ലാബിൽ ലക്ഷങ്ങളുടെ സ്റ്റോക്ക്

15ഓളം വിതരണക്കാർ മുൻകൂട്ടി സ്റ്റെന്റ് ഉൾപ്പെടെ സാമഗ്രികൾ മെഡിക്കൽ കോളേജിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതിൽ ഡോക്ടർമാർക്ക് ഇഷ്ടമുള്ളത് രോഗികൾക്ക് ഉപയോഗിക്കും. ഉപയോഗിക്കുന്നത് അനുസരിച്ച് വിതരണക്കാരെ അറിയിക്കും.ഇതനുസരിച്ച് പുതിയ സ്റ്റോക്കെത്തും.ഇതുപ്രകാരമാണ് വിതരണക്കാർ മാസം തോറും കാർഡിയോളജി വിഭാഗത്തിന് ബില്ലു നൽകുന്നത്.