vld-1

വെള്ളറട: വരമ്പതി കാളിമലയിൽ ചിത്രാപൗർണമി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ചിത്രാ പൗർണമി പൊങ്കാല അർപ്പിച്ചത് ആയിരങ്ങൾ.കിലോമീറ്റർ നീളത്തിലാണ് ഭക്തർ പൊങ്കാലയിട്ടത്. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊങ്കാലയിടാനെത്തിയ ഭക്തജനങ്ങൾക്കുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.ക്ഷേത്ര മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകർന്നുനൽകിയ അഗ്നി കുഴിത്തുറ ദേവി കുമാരി കോളേജ് പ്രിൻസിപ്പൽ പ്രൊ.എസ്.ബിന്ദുജ മറ്റ് അടുപ്പുകളിലേക്ക് പകർന്നതോടുകൂടിയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.രാവിലെ മാർത്താണ്ഡം ഭാരത് ഭജന കേന്ദ്രത്തിന്റെ ഭജന നടന്നു.തുടർന്ന് 48 സെറ്റിൽമെന്റിലെ മൂട്ടുകാണിമാരെ പൂർണ കുംഭം നൽകി ആദരിച്ചു.വിവിധ മേഖലകളിലുള്ളവർക്കുള്ള ഉപഹാര സമർപ്പണം അഡ്വ.എസ്.വിജയധരണി നിർവഹിച്ചു.ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതി വിശിഷ്ടാതിഥിയായി.12ഓടെ പൊങ്കാല നിവേദ്യം നടന്നു. കന്യാകുമാരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളാണ് സേവഭാരതിയുടെ നേതൃത്വത്തിൽ പൊങ്കാലയിടാൻ വന്ന ഭക്തജനങ്ങൾക്കുവേണ്ടി ഒരുക്കിയിരുന്നത്.ഇതിനു പുറമെ കെ.എസ്.ആർ.ടി.സിയും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനും പ്രത്യേക ബസ് സർവീസുകൾ നടത്തി.രാത്രി 12ന് നടന്ന മഹാകാളിയൂട്ടോടുകൂടി തീർത്ഥാടനത്തിന് സമാപനമായി.മറുകൊട 30ന് നടക്കും.