tippar-lorry

പാറശാല: റോഡിന് വശത്തായി ടോറസ് ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ നിരനിരയായി നിറുത്തിയിട്ടിരിക്കുന്നത് പാറശാല കൊറ്റാമം പെട്രോൾ പമ്പിനും സമീപ പ്രദേശങ്ങളിലേയും സ്ഥിരം കാഴ്ചയാണ്. പകൽ സമയങ്ങളിൽ ചരക്ക് വാഹനങ്ങളുടെ സഞ്ചാരം നിറുത്തിയതിനാലാണ് പകൽസമയങ്ങളിലെ ഇവരുടെ വിശ്രമം. ഏറ്റവും തിരക്കുള്ള പകൽസമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഒക്കെയാണ് അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ ഇത്തരത്തിൽ വാഹനങ്ങൾ നിരത്തിയിരിക്കുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. സാധാരണ ടോറസ് ലോറികൾ മുതൽ നീളമുള്ളതും ഇരട്ടി ഭാരം കയറ്റാവുന്നതുമായ ടോറസ് ലോറികൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നതാണ്.


 വഴിയടച്ച് പാർക്കിംഗ്

രാത്രികാലങ്ങളിൽ ഓടിയെത്തുന്ന വാഹനങ്ങൾ അവർക്ക് സുരക്ഷിതമായ സ്ഥലങ്ങളിൽ കൂട്ടമായി പാർക്ക് ചെയ്യുന്നത് പതിവാണ്. എന്നാൽ കൊറ്റാമത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ മറ്റ് കാര്യങ്ങളൊന്നും നോക്കാറില്ല. പലപ്പോഴും കടകൾക്ക് മുന്നിലോ ബസ് സ്റ്റോപ്പുകളിലോ തിരക്കേറിയ റോഡുവക്കിലോ ആണ് രാത്രിയിൽ ഇവർ പാർക്ക്ചെയ്യുന്നത്. നേരം വെളുക്കുമ്പോൾ ഈ റോഡ് നിറയെ തിരക്കാകും. കൂറ്റൻ വണ്ടികളുടെ നീണ്ട നിരകാരണം ഗതാഗതക്കുരുക്കും അപകടങ്ങളും സംഭവിക്കുന്നുണ്ട്. നേരംവെളുക്കുമ്പോൾ ഇവയുടെ മറവുകാരണം കടകൾ പുറത്ത് കാണാറില്ല. ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് ബസുകൾ കാണാൻ പറ്റാതെയും വരുന്നുണ്ട്.

 പുലർച്ചെ പാർക്കുചെയ്യുന്ന വാഹനങ്ങൾ പിന്നീട് പിറ്റേന്ന് വൈകിട്ടേ ഇവിടെനിന്നു മാറ്റൂ. പരാതികളും അപകടങ്ങളും നിരനിരയായി എത്തിയതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. ഒരുഭാഗത്തുനിന്നും മറ്റൊരിടത്തേക്ക് വാഹനം മാറ്റുക മാത്രമാണ് ചെയ്തത്.

 കൊറ്റാമത്തുനിന്ന് പരശുവയ്ക്കലിലേക്ക്

പാറശാലയിൽ കൊറ്റാമത്തെ പെട്രോൾ പമ്പിനു മുന്നിലെ പാർക്കിംഗ് പരാതികളെത്തുടർന്ന് പരശുവയ്ക്കലിലേക്ക് മാറ്റി. പിന്നീടത് പരശുവയ്ക്കലിൽ ബസ് സ്റ്റോപ്പിന് മുന്നിലും കടകൾക്കും കല്യാണ മണ്ഡപങ്ങൾക്കു മുന്നിലുമായി മാറി. ഇവിടെയും നാട്ടുകാർ പരാതിപ്പെട്ടതോടെ പൊലീസെത്തി ഇവിടെ പല സ്ഥലങ്ങളിലായി നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. എന്നാൽ ഇക്കൂട്ടർ ബോർഡുകൾ കണ്ടമട്ട് കാണിക്കാറില്ല.