mm

തിരുവനന്തപുരം: വോട്ടെടുപ്പിന് ഒരു ദിവസം ശേഷിക്കെ കണക്കുകൂട്ടലുകളുടെ ബലത്തിൽ ശുഭപ്രതീക്ഷയിലാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വലിയ മുന്നേറ്റം ഉണ്ടാവുമെന്നതിൽ ആർക്കുമില്ല സംശയം. ഇതിന് ബലമേവുന്ന കാരണങ്ങളും അക്കമിട്ട് നിരത്തുന്നു.

2019-ൽ 19 സീറ്റിൽ (പിന്നീട് 18 ആയി) ജയിച്ച തങ്ങൾക്ക് ഇക്കുറി സമ്പൂർണ്ണ വിജയം എന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പത്ത് സീറ്റെങ്കിലും ജയിക്കുമെന്ന് ഇടതുമുന്നണിയുടെ വിശ്വാസം. കഴിഞ്ഞ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടു ശതമാനത്തിന്റെ വ്യത്യാസം അനുകൂലമായി എൽ.ഡി.എഫ് എടുത്തുകാട്ടുമ്പോൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ഫലങ്ങൾ അപ്രസക്തമെന്ന് യു.ഡി.എഫ് തിരിച്ചടിക്കുന്നു. മോദി ഭരണത്തിന്റെ മികവാണ് എൻ.ഡി.എയുടെ തുറുപ്പുചീട്ട്.

തൂത്തുവാരും: യു.ഡി.എഫ്

സംസ്ഥാനത്തെയും രാജ്യത്തെയും രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണ്. അടുത്ത ദിവസങ്ങളിൽ കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങൾ യു.ഡി.എഫ് അനുഭാവികളെ മാത്രമല്ല, രാഷ്ട്രീയ നിഷ്‌പക്ഷരെ പോലും വേദനിപ്പിച്ചു.

സംസ്ഥാന സർക്കാരിനെതിരായ അതൃപ്തി. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങി. സാമൂഹ്യക്ഷേമ പെൻഷൻ തടസപ്പെട്ടു. ക്രമസമാധാനം തകർന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇതെല്ലാം വിലയിരുത്തപ്പെടും.

നല്ല മുന്നൊരുക്കം നടത്തി. തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങി. കൃത്യമായ തിരഞ്ഞെടുപ്പ് പദ്ധതി തയ്യാറാക്കി. പ്രവർത്തകർ ഒറ്റക്കെട്ടായി.

തരംഗത്തിനും സാദ്ധ്യത : എൽ.ഡി.എഫ്

എം.പിമാരുടെ നിഷ്ക്രിയത്വം ബോദ്ധ്യമായി. കഴിഞ്ഞ തവണ 18 എം.പിമാർ ലോക് സഭയിലെത്തിയെങ്കിലും സംസ്ഥാനത്തിന് വേണ്ടി ആരും ശബ്ദിച്ചില്ല. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കിയതിലും പ്രതിഷേധിച്ചില്ല.

കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. അവരെ ജയിപ്പിച്ചാലും പിന്നീട് എവിടെ നിൽക്കുമെന്ന് പറയാനാവില്ല. പൗരത്വ നിയമഭേദഗതിക്കെതിരെ ഉറച്ച നിലപാട് എൽ.ഡി.എഫും സർക്കാരും സ്വീകരിച്ചിട്ടും യു.ഡി.എഫ് അതിനൊപ്പം നിന്നില്ല, ശക്തമായി പ്രതികരിച്ചതുമില്ല.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേക്കാൾ വലിയ വോട്ടിംഗ് ശതമാനത്തിലാണ് എൽ.ഡി.എഫ് ഭരണതുടർച്ച നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതു മുന്നണി മേൽക്കൈ നേടി. ഇടതുതരംഗമുണ്ടായാലും അൽഭുതം വേണ്ട.

ന്യൂനപക്ഷങ്ങൾ ഒപ്പം :എൻ.ഡി.എ

ന്യൂനപക്ഷ വോട്ടുകൾ എൻ.ഡി.എയ്‌ക്ക് അനുകൂലമാവും. ഏഴു ലക്ഷത്തോളം ക്രിസ്ത്യൻ കുടുംബങ്ങളുമായി നേരിട്ട് ബന്ധം. പ്രധാനമന്ത്രി മോദിയുടെ വിദേശത്തെ പ്രതിച്ഛായ മുസ്ലീം വിഭാഗങ്ങളിലുൾപ്പെടെ മാറ്റം വരുത്തി.

ഏഴ് മണ്ഡലങ്ങളിൽ ജയം കൈയെത്തും ദൂരത്ത്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിൽ വലിയ വർദ്ധനയുണ്ടാവും.

പ്രധാന മന്ത്രിയുടെ കേരള സന്ദർശനം നിഷ്പക്ഷ മതികളെയും സ്വാധീനിച്ചു.

വികസനമുരടിപ്പ് ചർച്ചയാക്കിയത് വോട്ടായി മാറും.