തിരുവനന്തപുരം: നഗരത്തിലെ സ്മാർട്ട് റോഡ് പദ്ധതിയിൽ ശേഷിക്കുന്ന മൂന്ന് റോഡുകൾ മേയ് ആദ്യം തുറക്കും. ഒൻപത് റോഡുകൾ പല തവണയായി തുറന്ന് നൽകിയിരുന്നു. ഓവർബ്രിഡ്ജ് ഉപ്പിടാംമൂട് റോഡ്,ജനറൽ ആശുപത്രി വഞ്ചിയൂർ റോഡ്,ഫോറസ്റ്റ് ഓഫീസ് റോഡ് എന്നിവയാണ് തുറക്കുന്നത്. ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിലെ ജോലികൾ ഉടൻ പൂർത്തിയാകും.ഒരാഴ്ചത്തെ ജോലി കൂടിയാണ് ബാക്കിയുള്ളത്.അതും ദ്രുതഗതിയിൽ പൂർത്തിയാക്കുന്നുണ്ട്.
ഓവർബ്രിഡ്ജ് ഉപ്പിടാംമൂട് റോഡിന്റെ പൈപ്പിടൽ ജോലികളാണ് പുരോഗമിക്കുന്നത്.ഫോറസ്റ്റ് ഓഫീസ് റോഡിൽ മാൻഹോൾ ജോലികൾ പൂർത്തിയായി. മാനവീയം വീഥി,കലാഭവൻ മണി റോഡ്,അയ്യങ്കാളി ഹാൾ റോഡ് എന്നിവയുടെ നവീകരണം പൂർത്തിയാക്കി നേരത്തെ തുറന്നുനൽകിയിരുന്നു. അതിനു പിന്നാലെയാണ് സ്‌പെൻസർ ജംഗ്ഷൻ ഗ്യാസ് ഹൗസ് റോഡ്, സ്റ്റാച്യു ജനറൽ ഹോസ്പിറ്റൽ റോഡ്, നോർക്ക മോഡൽ സ്‌കൂൾ റോഡ്, അട്ടക്കുളങ്ങര റോഡ്, മാനവീയം മുതൽ ഫോറസ്റ്റ് ഓഫീസ് വരെയുള്ള റോഡ് തുടങ്ങിയവ ഒന്നാംഘട്ട പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകിയത്. റോഡുകളിലെ നടപ്പാത ഉൾപ്പെടെയുള്ള രണ്ടാംഘട്ട നവീകരണം മേയിൽ തന്നെ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടതിനെ തുടർന്നാണ് ജോലികൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വേഗത്തിലാക്കിയത്.
തലസ്ഥാനത്തെ റോഡുകൾ മികച്ച നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പ്രത്യേക ഡക്ട്,മികച്ച ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയ്‌ക്കൊപ്പം റോഡുകൾ ഇടയ്ക്കിടെ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങളും സ്മാർട്ട് റോഡുകളിലുണ്ട്.