തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യുന്നതിന് 15,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസറായിരുന്ന മറിയ സിസിലിക്കും ഫീൽഡ് അസിസ്റ്റന്റായിരുന്ന എസ്. സന്തോഷിനും 9വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. 2014ലെ കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി രാജകുമാര എം.വി വിധി പറഞ്ഞത്. കാട്ടാക്കട സ്വദേശി രാജേന്ദ്രന്റെ സഹോദരിയുടെ വസ്തു പോക്കുവരവ് ചെയ്യാൻ 2014 ജൂലായ് 23ന് വില്ലേജ് ഓഫീസിൽ വച്ച് മറിയ സിസിലി 10,000 രൂപയും സന്തോഷ് 5000 രൂപയും വാങ്ങിയത് വിജിലൻസ് പിടികൂടുകയായിരുന്നു.
വിജിലൻസ് തെക്കൻ മേഖലാ ഡിവൈ.എസ്.പിയായിരുന്ന എ.അശോകൻ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലായാണ് 9 വർഷം വീതം കഠിനതടവ്. ഒന്നാം പ്രതിയായ മറിയ സിസിലിയെ റിമാൻഡ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലും രണ്ടാം പ്രതി സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിലും അടച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാസതീശൻ ഹാജരായി.
1000രൂപ തിരികെ
നൽകി, കുടുങ്ങി
രാജേന്ദ്രനിൽ നിന്ന് പതിനായിരം രൂപ വാങ്ങിയ അമരവിള വയലിക്കോണം വിശ്വംഭരത്തിൽ മരിയ സിസിലി അതിൽ നിന്ന് ആയിരം രൂപ തിരികെ നൽകി. ഇത് രാജേന്ദ്രന്റെ പോക്കറ്റിൽ നിന്ന് വിജിലൻസ് കണ്ടെടുത്തത് കേസ് ബലപ്പെടുത്തി. ഫീൽഡ് അസിസ്റ്റന്റ് നെടുമങ്ങാട് തൊളിക്കോട് സന്തോഷ് പണം വാങ്ങിയ ശേഷം രണ്ട് കൈകൾ കൊണ്ടും എണ്ണിത്തിട്ടപ്പെടുത്തി. പണം വാങ്ങിയ ഉടൻ, ഓഫീസിൽ കാത്തുനിന്ന വിജിലൻസ് ഇരുവരുടെയും കൈകൾ ഫിനോഫ്‌തലിൻ ലായനിയിൽ മുക്കിപ്പിച്ച് കുടുക്കുകയായിരുന്നു. വസ്തു കാണാനെത്തിയ സന്തോഷ് രാജേന്ദ്രനിൽ നിന്ന് 1500രൂപ വാങ്ങിയിരുന്നു. വില്ലേജ് ഓഫീസറിന് 15,000രൂപ വേണമെന്നായിരുന്നു ആവശ്യമെങ്കിലും പിന്നീട് പതിനായിരമായി കുറച്ചു. വിജിലൻസ് നൽകിയ നോട്ടുകളാണ് കൈക്കൂലിയായി നൽകിയത്. വിചാരണയ്ക്ക് മുൻപ് രാജേന്ദ്രൻ മരിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ പ്രതികൾക്ക് എതിരായിരുന്നു.