sivagiri-archana

ശിവഗിരി: ഭക്തിയും അറിവും പകർന്ന് ശിവഗിരിയിൽ നടന്നു വന്ന ത്രിദിന വിജ്ഞാനോത്സവം സമാപിച്ചു. ശ്രീശാരദാപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുളള ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്താണ് ഗുരുദേവ കല്പനയ്ക്ക് വിധേയമായി വിജ്ഞാനോത്സവമായി സംഘടിപ്പിച്ചത്. പ്രതിഷ്ഠാ വാർഷികദിനമായ ഇന്നലെ രാവിലെ 6ന് ശാരദാമഠത്തിൽ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരിമാരും വൈദികരും നേതൃത്വം നൽകിയ വിശേഷാൽ അർച്ചന നടന്നു. നാടിന്റെ നാനാഭാഗത്തു നിന്നും വിദ്യാർത്ഥികൾ അർച്ചനയിൽ പങ്കുകൊണ്ടു. വൻ ഭക്തജനത്തിരക്കും അനുഭവപ്പെട്ടു. തുടർന്ന് പ്രൊഫ. സൗന്ദരരാജന്റെ വീണക്കച്ചേരി നടന്നു. ഡോ.കെ.രവി, മുൻമന്ത്റി മുല്ലക്കര രത്നാകരൻ, സ്വാമി ശാരദാനന്ദ എന്നിവർ പഠനക്ലാസുകൾ നയിച്ചു. ഗുരുദർശനത്തിന്റെ സ്വാധീനം തമിഴ് - കന്നട പ്രദേശങ്ങളിൽ എന്ന വിഷയത്തിൽ നടന്ന സമ്മേളനം എൻ.തമിൽമണി ഉദ്ഘാടനം ചെയ്തു. സ്വാമി വീരേശ്വരാനന്ദ, ലക്ഷ്മണൻശാന്തി, അഡ്വ.ഇളങ്കോ, ബിജു ബാംഗ്ലൂർ, ജയശങ്കർ തിരുനെൽവേലി, സിന്ധുപണിക്കർ, ജ്യോതിഹാലൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഗുരുധർമ്മ പ്രചരണസഭാ വാർഷികവും സമാപന സമ്മേളനവും നടന്നു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ അഡ്വ.വി.കെ.മുഹമ്മദ്, അനിൽതടാലിൽ, ഉപദേശക സമിതി ചെയർമാൻ ഡോ.പി.ചന്ദ്രമോഹൻ, കൺവീനർ കുറിച്ചി സദൻ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, രജിസ്ട്രാർ അഡ്വ.പി.എം.മധു തുടങ്ങിയവർ പ്രസംഗിച്ചു. പരിഷത്തിൽ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളും മറ്റു ഗുരുഭക്തരും സംബന്ധിച്ചു.

ഫോട്ടോ: ശിവഗിരി ശാരദാസന്നിധിയിൽ ശാരദാപ്രതിഷ്ഠാദിനമായ ഇന്നലെ പുലർച്ചെ സന്യാസി ശ്രേഷ്ഠർ നയിച്ച വിശേഷാൽ അർച്ചന.