തിരുവനന്തപുരം: ചട്ടങ്ങൾ പാലിച്ചും മാർഗനിർദേശങ്ങൾ അനുസരിച്ചും ഇന്ന് വൈകിട്ട് ആറു മണിക്ക് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയപ്പാർട്ടികളെ വരണാധികാരികൂടിയായ ജില്ലാകളക്ടർമാർ ഓർമ്മിപ്പിച്ചു. കൊട്ടിക്കലാശം സമാധാനപരമായിരിക്കണം.

മസ്ജിദുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ വേദിയാക്കരുത്.

വിദ്വേഷം സൃഷ്ടിക്കുന്നതോ വർഗീയ സംഘർഷത്തിനിടയാക്കുന്നതോ ആയ യാതൊരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല.

പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കരുത്. പരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തരുത്.

എതിർസ്ഥാനാർത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന തരത്തിലോ പ്രകോപനപരമായ രീതിയിലോ പെരുമാറാൻ പാടില്ല.

മറ്റ് രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയങ്ങൾ, പദ്ധതികൾ/പരിപാടികൾ മുൻകാല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കണം. സ്ഥാനാർത്ഥികളുടെ വ്യക്തിജീവിതത്തെ ആക്രമിക്കുന്ന പ്രസ്താവന പാടില്ല.

വോട്ട് ഉറപ്പിക്കുന്നതിന് ജാതിയോ വർഗീയ വികാരമോ ഉപയോഗിക്കരുത്.

നിയമാനുസൃത അനുമതി ലഭ്യമായ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കൊട്ടിക്കലാശം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുന്ന തരത്തിലാവരുത്.

പൊതുമുതലിന് നാശം വരുത്തുന്ന രീതിയിൽ പ്രകടനങ്ങൾ അതിരുവിട്ടാൽ നിയമനടപടി സ്വീകരിക്കും.