
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്ന ജെസ്‌ന മരിയ ജയിംസിനെ ആറു വർഷം മുൻപ് കാണാതായ കേസിൽ കോടതി നിർദ്ദേശിക്കുന്ന ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് സി.ബി.ഐ. പിതാവ് ജെയിംസ് ജോസഫിന്റെ പക്കലുള്ള രേഖകളും ഫോട്ടോകളും ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കിയാൽ ഇതേക്കുറിച്ച് അന്വേഷിക്കാം. തെളിവുകൾ ഹാജരാക്കാൻ പിതാവിനോട് കോടതി നിർദ്ദേശിച്ചു. ഹർജി മേയ് മൂന്നിന് വീണ്ടും പരിഗണിക്കും. ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്.
സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച ജെയിംസ്, തന്റെ സ്വകാര്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ, ഫോട്ടോകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കോടതിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കാമെന്ന് അറിയിച്ചിരുന്നു. ഇവയൊന്നും സി.ബി.ഐക്ക് നൽകിയിരുന്നില്ല. സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് ജെയിംസ് കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് തുടരന്വേഷണമാവാമെന്ന് സി.ബി.ഐ നിലപാടെടുത്തത്.
ജെസ്‌നയെ ദുരുപയോഗം ചെയ്ത അജ്ഞാത സുഹൃത്ത് അപായപ്പെടുത്തിയിരിക്കാമെന്നാണ് വീട്ടുകാരുടെ സംശയം. ജെസ്‌നയുടെ മുറിയിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത തൊണ്ടിമുതലുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും അജ്ഞാതസുഹൃത്തിലേക്ക് സി.ബി.ഐ അന്വേഷണം നീണ്ടില്ലെന്നും ആരോപിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്.
പക്ഷിപ്പനി:സാമ്പിളുകളുടെ ഫലം രണ്ടു ദിവസത്തിനകം
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത രണ്ട് പഞ്ചായത്തുകൾക്കു സമീപത്തു നിന്നു ശേഖരിച്ച സാമ്പിളുകളുടെ ഫലം കാത്ത് മൃഗസംരക്ഷണ വകുപ്പ്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ചിരിക്കുന്ന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, മുട്ടാർ,എടത്വാ പഞ്ചായത്തിലെ പത്താം വാർഡ്, തകഴി പഞ്ചായത്ത് ,കോട്ടയം ജില്ലയിലെ വാഴപ്പള്ളി പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. ഈ പഞ്ചായത്തുകളിലും രോഗം റിപ്പോർട്ട് ചെയ്താൽ, പ്രദേശത്ത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.
രോഗവ്യാപനം തടയുന്നതിന് ആലപ്പുഴ ജില്ലയിൽ ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്കരിക്കുന്ന നടപടികൾ പൂർത്തിയായി. ഈ ദൗത്യത്തിനായി 8 റാപ്പിഡ് റെസ്പോൺസ് ടീമുകളെയാണ് മൃഗസംരക്ഷണ വകുപ്പ് ചുമതലപ്പെടുത്തിയത്. രോഗപ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 18007 വളർത്തുപക്ഷികളെ ശാസ്ത്രീയമായി സംസ്കരിക്കുകയും 537 മുട്ടകളും 100 കിലോ തീറ്റയും നശിപ്പിക്കുകയും ചെയ്തു.