തിരുവനന്തപുരം:ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ്ജ് അറിയിച്ചു.

ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ സ്‌ട്രോംഗ് റൂമുകൾ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ സജ്ജീകരിച്ചു.ആറ് സ്ഥാപനങ്ങളിലായാണ് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുൾപ്പെടുന്ന 14 നിയോജക മണ്ഡലങ്ങളിലേയും പോളിംഗ് മെഷീനുകൾ സൂക്ഷിക്കുന്നത്.

സ്‌ട്രോംഗ് റൂമുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇന്നലെ സന്ദർശിച്ചു. സുരക്ഷ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി. സ്‌ട്രോംഗ് റൂമുകൾ നിരീക്ഷിക്കുന്നതിനായി മാർ ഇവാനിയോസ് കോളേജിൽ സജ്ജമാക്കിയിരിക്കുന്ന കേന്ദ്രീകൃത സി.സി ടിവി കൺട്രോൾ റൂം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു.

സർവോദയ സി.ബി.എസ്.ഇ (തിരുവനന്തപുരം), മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് (ആറ്റിങ്ങൽ, നെടുമങ്ങാട്),സർവോദയ ഐ.സി.എസ്.ഇ സെന്റ് പീറ്റേഴ്സ് ബ്ലോക്ക്(വാമനപുരം),സർവോദയ ഐ.സി.എസ്.ഇ (പാറശാല, കോവളം),സർവോദയ ഐ.സി.എസ്.ഇ ലിറ്റിൽ ഫ്ളവർ ബ്ലോക്ക് (കാട്ടാക്കട),മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ് (വർക്കല, ചിറയിൻകീഴ്),മാർ ഇവാനിയോസ് കോളേജ് (വട്ടിയൂർക്കാവ്, അരുവിക്കര),മാർ ഇവാനിയോസ് കൊമേഴ്സ് വിഭാഗം (കഴക്കൂട്ടം),സെന്റ് ജോൺസ് എച്ച്.എസ്.എസ് (നേമം, നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് സ്‌ട്രോംഗ് റൂമുകൾ പ്രവർത്തിക്കുന്നത്.

26ന് വൈകിട്ട് പോളിംഗ് കഴിയുന്ന മുറയ്ക്ക് അതത് മണ്ഡലങ്ങളുടെ ഇ.വി.എം മെഷീനുകൾ സ്‌ട്രോംഗ് റൂമുകളിലെത്തിക്കും.തുടർന്ന് ബന്ധപ്പെട്ട വരണാധികാരികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും കേന്ദ്രസേനയുടെയും കേരള പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ സീൽ ചെയ്ത് വോട്ടെണ്ണൽ ദിനമായ ജൂൺ 4വരെ ശക്തമായ സുരക്ഷയിൽ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും.

ത്രീ ടയർ സുരക്ഷ

വോട്ടെണ്ണൽ അതത് സ്‌ട്രോംഗ് റൂമുകൾക്കു സമീപം സജ്ജീകരിച്ചിട്ടുള്ള ഹാളുകളിലാണ് നടക്കുന്നത്. ഇലക്ഷൻ കമ്മീഷൻ ഒഫ് ഇന്ത്യയുടെ നിർദേശപ്രകാരം ഏപ്രിൽ 26 മുതൽ ജൂൺ 4വരെ, കേന്ദ്രസേനയുടെയും കേരള പൊലീസിന്റെയും നേതൃത്വത്തിൽ ത്രീ ടയർ സുരക്ഷാ സംവിധാനമാണ് സ്‌ട്രോംഗ് റൂമുകൾക്ക് ഒരുക്കുന്നത്. സ്‌ട്രോംഗ് റൂമുകൾ 24 മണിക്കൂറും സി.സി ടിവി നിരീക്ഷണത്തിലായിരിക്കും.സി.സി ടിവി കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിനായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാർ ഇവാനിയോസ് കോളേജിലെ സി.സി.ടിവി കൺട്രോൾ റൂമിനു സമീപം സ്‌ട്രോംഗ് റൂമുകൾ നിരീക്ഷിക്കുന്നതിനായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടി ചീഫ് ഏജന്റുമാർക്കും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.