തിരുവനന്തപുരം: ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ ഉന്നതർക്ക് പരാതിയുമായി അഭിഭാഷക. കഴിഞ്ഞ 12 നു ആറ്റിങ്ങൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ലാ ഡിന്നറിനിടെയാണ് അവനവഞ്ചേരി തച്ചൂർക്കുന്ന് സ്വദേശി സിന്ധു സുരേഷിനു നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായത്. സംഭവത്തിൽ കല്ലമ്പലം സ്വദേശിയും സി.പി.എം പ്രാദേശിക നേതാവുമായ അഡ്വക്കേറ്റിനെതിരെ അഭിഭാഷക അന്നുതന്നെ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, തുടർന്ന് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട സിന്ധു സുരേഷ് തന്നെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ, തിരുവനന്തപുരം ജില്ലയിലെ ബാർ അസോസിയേഷനുകൾ, ദേശീയ സംസ്ഥാന- വനിതാക്കമ്മിഷൻ, റൂറൽ എസ്.പി , ആറ്റിങ്ങൽ എസ്.പി, സി.പി.എം സംസ്ഥാന -ജില്ലാ സെക്രട്ടറിമാർ തുടങ്ങിയവർക്ക് പരാതി നൽകി. ആറ്റിങ്ങൽ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഉന്നതർക്ക് പരാതി നൽകുന്നതെന്ന് സിന്ധു സുരേഷ് പറഞ്ഞു.സംഭവത്തിൽ പ്രാദേശിക നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കല്ലമ്പലത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചിരുന്നു.