ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ സമൂഹത്തിനു പകർന്നു നൽകിയ ഉപദേശങ്ങൾ ഗുരുവിന്റെ ജീവിതത്തിലുടനീളം പാലിച്ചവയായിരുന്നുവെന്നും അവയൊക്കെ ഉൾക്കൊണ്ട് ജീവിതത്തെ നവീകരിക്കാൻ കഴിയണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന്റെ സമാപനദിവസം പഠനക്ലാസുകളുടെ മുന്നോടിയായി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഗുരുദേവന്റെ ശിഷ്യരിൽ പ്രമുഖനായിരുന്ന രാമാനന്ദസ്വാമി വൈദ്യശാസ്ത്ര - വിദ്യാഭ്യാസ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. സ്വാമി സ്ഥാപിച്ച സ്കൂളുകളുടെ തുടർ നടത്തിപ്പിന് സ്വന്തം ധനം വിനിയോഗിച്ച് മഹത്തായ സേവനം നൽകാൻ രാമാനന്ദസ്വാമിയുടെ ശിഷ്യനും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും ഗുരുദേവദർശന പ്രചാരകനുമായിരുന്ന സി.ആർ.കേശവൻ വൈദ്യർക്ക് സാധിച്ചതായും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. സ്വാമി അസംഗാനന്ദഗിരിയും പ്രസംഗിച്ചു.