
തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ ശോഭ കെടുത്തും വിധം പെരുമാറിയ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെ മാറ്റാനുള്ള സർക്കാരിന്റെ ശുപാർശ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കമ്മിഷന്റെ പരിഗണനയ്ക്ക് അയച്ചു. നാല് ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതമാണ് സർക്കാർ ശുപാർശ നൽകിയത്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ, ജില്ലയിൽ സുരക്ഷയുടെ ഏകോപനം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ നിയമിക്കുന്നതിൽ കമ്മിഷന് ആശങ്കയുണ്ടെന്നാണ് സൂചന. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ കമ്മിഷണറെ മാറ്റിയേക്കും. എസ്.പിമാരായ ജി. ജയ്‌ദേവ് (സായുധ ബറ്റാലിയൻ), എം.എൽ. സുനിൽ (ഇന്റലിജൻസ്), വി.യു. കുര്യാക്കോസ് (പൊലീസ് ട്രെയിനിംഗ് കോളേജ്), ആർ.വിശ്വനാഥ് (എ.ഐ.ജി -1, പൊലീസ് ആസ്ഥാനം) എന്നിവരുടെ പേരുകളാണ് കമ്മിഷന് കൈമാറിയത്.