തിരുവനന്തപുരം: വോട്ടുദിനം തൊട്ടരികിലെത്തിയതോടെ ഊർജ്ജസ്വലരായി സ്ഥാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരും റോഡ് ഷോകളിലൂടെ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാകട്ടെ ട്രെയിൻ യാത്ര നടത്തി വോട്ടർമാരെ നേരിൽക്കണ്ടായിരുന്നു പ്രചാരണം ഗംഭീരമാക്കിയത്.
തലസ്ഥാനത്ത് ആവേശത്തിരയിളക്കിയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ. പാറശാലയിൽ നിന്നാരംഭിച്ച റോഡ് ഷോ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അകമ്പടി സേവിച്ചു. പാതയുടെ ഇരുവശത്തും സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കാൻ വൻ ജനാവലി കാത്തുനിൽപ്പുണ്ടായിരുന്നു. പര്യടനം ഉച്ചയോടെ കഴക്കൂട്ടത്ത് സമാപിച്ചു. തുടർന്ന് വൈകിട്ട് പള്ളിത്തുറയിൽ നിന്ന് ആരംഭിച്ച തീരദേശ റോഡ് ഷോ പൂവാറിൽ സമാപിച്ചു. മന്ത്രി ജി.ആർ. അനിലാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ വഞ്ചിയൂർ ബ്ലോക്കിലായിരുന്നു പര്യടനം നടത്തിയത്. വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ വിജയം മാത്രമല്ല കേന്ദ്രത്തിലെ ബി.ജെ.പിയുടെ ദുർഭരണം മാറ്റുക എന്നതുകൂടിയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് ഡോ. ശശി തരൂർ പറഞ്ഞു. വഞ്ചിയൂർ ജംഗ്ഷനിൽ നിന്നു രാവിലെ ആരംഭിച്ച പര്യടനം അമ്പലമുക്ക്, കേരളകൗമുദി ജംഗ്ഷൻ, ഭഗത് സിംഗ് റോഡ്, കല്ലുംമൂട്, എൻ.എസ്.എസ് കരയോഗം, ആനയറ മേൽപ്പാലം, എസ്.എൻ. നഗർ, പേട്ട ജംഗ്ഷൻ, മാനവനഗർ, ചാക്ക പാലം, കാരാളി ജംഗ്ഷൻ, വള്ളക്കടവ്, ഈഞ്ചയ്ക്കൽ, കൈതവിളാകം, പുത്തൻപാലം, പൊന്നറ കോളനി സെന്റ് സേവിയേഴ്‌സ് ചർച്ച്, പ്രിയദർശനി നഗർ, വള്ളക്കടവ് പള്ളി, ബോട്ടുപുര, വയ്യാമൂല തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം വള്ളക്കടവ് ജംഗ്ഷനിൽ സമാപിച്ചു.
രാവിലെയും വൈകിട്ടും ദുരിതയാത്ര ചെയ്ത് അലയുന്ന യാത്രാക്കാർക്ക് വാഗ്ദാനവുമായി ഇന്നലെ പാസഞ്ചർ ട്രെയിനിൽ യാത്രചെയ്തായിരുന്നു എൻ.ഡി.എസ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം. ജയിച്ചാൽ ട്രെയിൻ യാത്ര ദുരിതത്തിന് പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഗ്യാരന്റി നൽകി.
ഇന്നലെ രാവിലെ 7.14ന് പാറശാലയിൽ നിന്നാണ് കൊല്ലത്തേക്കുള്ള പാസഞ്ചറിൽ സ്ഥാനാർത്ഥി കയറിയത്. യാത്രക്കാരെ അഭിവാദ്യം ചെയ്തും സംസാരിച്ചും മുന്നോട്ടു നീങ്ങിയ രാജീവ് ചന്ദ്രശേഖറിനെ കൗതുകത്തോടെയാണ് യാത്രക്കാർ കണ്ടത്. പലരും പരാതികളും പരിഭവങ്ങളും അറിയിച്ചു.
ഇതിനിടെ, റെയിൽവേയുടെ അനുമതിയില്ലാത്തതുകൊണ്ട് വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ ലഭിക്കാത്ത പാറശാല സ്വദേശി കുമാറും മന്ത്രിയെ കണ്ടു പരാതി പറഞ്ഞു. സാഹചര്യം മനസിലാക്കി ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. തിരുവനന്തപുരത്തെ ദീർഘകാല ആവശ്യമായ നേമം ടെർമിനൽ സംബന്ധിച്ചു പ്രധാനമന്ത്രിയുമായി സംസാരിച്ചു കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.