
നെടുമങ്ങാട്: തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ. ഒരു മാസത്തിലേറെയായി നാടും നഗരവും ഇളക്കിമറിച്ച പര്യടനത്തിന് ഇന്നത്തോടെ കൊട്ടിക്കലാശം. വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്. വോട്ടർമാർക്ക് സ്ലിപ്പുകൾ എഴുതി വീടുകളിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിലാണ് പ്രവർത്തകർ. കൊട്ടിക്കലാശം കെങ്കേമമാക്കാൻ പ്രമുഖ മുന്നണികൾ വിപുലമായ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അടൂർ പ്രകാശ് പണയിൽക്കടവിലാണ് പര്യടനം അവസാനിപ്പിച്ചത്. വക്കം, പഴയാകുന്നുമേൽ, പുളിമാത്ത്, ആനാട്, കുറ്റിച്ചൽ പഞ്ചായത്തുകളിൽ അടൂർ പ്രകാശ് ഇന്നലെ പര്യടനം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി ഓരോ കേന്ദ്രങ്ങളിലും ഊഷ്മള സ്വീകരണവുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അഴൂർ പഞ്ചായത്തിലെ പെരുംകുഴിയിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും വർക്കല എം.എൽ.എയുമായ വി.ജോയി പര്യടനം അവസാനിപ്പിച്ചത്. രാവിലെ കിഴുവിലം കാട്ടുംപുറത്തുനിന്ന് ആരംഭിച്ച പര്യടനം ചിറയിൻകീഴ് പഞ്ചായത്തിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങാനെത്തി. പതിവുപോലെ താളമേളങ്ങളുടെ അകമ്പടിയിലാണ് ജോയിയെ മിക്ക കേന്ദ്രങ്ങളിലും പ്രവർത്തകർ എതിരേറ്റത്. വൈകിട്ട് നെടുമങ്ങാട്ട് ഇടതു യുവജന സംഘടനകൾ നടത്തിയ റോഡ് ഷോയിലും പങ്കെടുത്തു.
ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് കച്ചവടക്കാരേയും നാട്ടുകാരെയും നേരിൽക്കണ്ട് വോട്ട് ഉറപ്പിച്ചാണ് കേന്ദ്ര മന്ത്രിയും ബി.ജെ.പി - എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ പര്യടനം അവസാനിപ്പിച്ചത്. ആര്യനാട്, മലയിൻകീഴ്, വട്ടപ്പാറ, കല്ലറ, കിളിമാനൂർ ടൗണുകളിലാണ് മുരളീധരൻ കാൽനട പ്രചാരണം നടത്തിയത്. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും നടന്നു.
ആറ്റിങ്ങൽ മണ്ഡലത്തിനായി സ്ഥാനാർത്ഥി തയാറാക്കിയ വികസനരേഖയുടെ പ്രകാശനവും
ഇന്നലെ നടന്നു. ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കുമ്മനം രാജശേഖരന് നൽകി പ്രകാശനം നിർവഹിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പുറത്തിറക്കിയ കരട് രേഖയിൽ പൊതുജനാഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന കലാശക്കൊട്ടിൽ മൂന്നു സ്ഥാനാർത്ഥികളും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.