തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സഭയെ കൂട്ടിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കം തള്ളിക്കളഞ്ഞ് തിരുവനന്തപുരം ലത്തീൻ അതിരൂപത. ബി.ജെ.പിക്ക് വേണ്ടി ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പ് നടക്കുന്ന 26നു മുമ്പ് ഒരു നേതാക്കളുമായും ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തില്ലെന്ന് അതിരൂപത അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചു.
വിവിധ ആവശ്യങ്ങൾക്കായി ഇന്നലെ കൊച്ചിയിലെത്തിയ ഡൽഹി ലഫ്. ഗവർണർ ഇന്നും നാളെയുമായി ക്രൈസ്തവ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇന്ന് സീറോ മലബാർ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ, മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ, നാളെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു നീക്കം. എന്നാൽ, 26നു മുമ്പ് ആരുമായും കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ആർച്ച് ബിഷപ്പ് നെറ്റോ ഇക്കാര്യത്തിൽ തങ്ങളെ ബന്ധപ്പെട്ട ബി.ജെ.പി നേതാക്കളെയും ലഫ്. ഗവർണറുടെ ആളുകളെയും അറിയിക്കുകയായിരുന്നു. ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ലഫ്. ഗവർണർ നടത്തുന്ന നീക്കം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്, കൂടിക്കാഴ്ച എന്ത് കാര്യത്തിലാണെന്ന് ലഫ്. ഗവർണറുമായി ബന്ധപ്പെട്ടവരോ ബി.ജെ.പി നേതാക്കളോ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വിഴിഞ്ഞം സമരത്തിന് പിന്നാലെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണെന്ന് ഞായറാഴ്ച ലത്തീൻ അതിരൂപതയുടെ പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആർച്ച് ബിഷപ്പ് തോമസ് നെറ്റോ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വാർത്ത ആയതിനു പിന്നാലെയാണ് ഡൽഹി ലഫ്. ഗവർണർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയത്.