
വോട്ടെടുപ്പ് ദിനത്തിൽ സിജു വിത്സന്റെ പഞ്ചവത്സര പദ്ധതി തിയേറ്ററിൽ എത്തിയതിന് പിന്നിൽ
സിജു വിത്സൺ നായകനായി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത പഞ്ചവത്സര പദ്ധതി ലോക്സഭ വോട്ടെടുപ്പ് ദിവസം തിയേറ്ററിൽ എത്തി. തിരഞ്ഞെടുപ്പുമായും വോട്ടെടുപ്പുമായും പഞ്ചവത്സര പദ്ധതിക്ക് നല്ല ബന്ധമുണ്ടെന്ന് സിജു വിത്സൺ. മനുഷ്യന്റെ പ്രാഥമികമായ പോരാട്ടമാണ് പഞ്ചവത്സര പദ്ധതി എന്ന ചിത്രം നടത്തുന്നത്. പുതുവർഷത്തിൽ തന്റെ ആദ്യ റിലീസായി പഞ്ചവത്സര പദ്ധതി എത്തിയ പശ്ചാത്തലത്തിൽ സിജു വിത്സൺ സംസാരിച്ചു.
പഞ്ചവത്സര പദ്ധതി എന്താണ് പ്രേക്ഷകർക്ക് നൽകുന്നത് ?
ഇതിലെ കഥാപാത്രങ്ങൾക്ക് ഒരുപാട് പദ്ധതിയുണ്ട്. ഈ സിനിമ കൊണ്ടും പദ്ധതിയുണ്ട്. കലമ്പേരി ഗ്രാമത്തിൽ അക്ഷയകേന്ദ്രം നടത്തുന്ന സനോജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പരോപകാരിയും കുശാഗ്രബുദ്ധിയുമുള്ള സനോജിനുമുണ്ട് ചില പദ്ധതി . കലമ്പേരിയുടെ വികസനവും സിനിമ ചർച്ച ചെയ്യുന്നു. ശക്തമായ പ്രമേയമാണ് . അതിനാൽ ഞാൻ ഏറെ പ്രതീക്ഷയിലാണ്. പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. സിനിമ കണ്ടുകഴിയുമ്പോൾ എന്താണ് ഇവിടെ നടക്കുന്നതെന്ന് പ്രേക്ഷകർ ഉറപ്പായും ചിന്തിക്കും.
പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം നായകനായ സിനിമ വരാൻ ഇടവേള സംഭവിച്ചല്ലേ ?
ഒരുവർഷത്തെ ഇടവേള ഉണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ചെയ്യുന്ന സിനിമ ശക്തമാകണമെന്ന് ആഗ്രഹിച്ചു. പഞ്ചവത്സര പദ്ധതി ഇപ്പോൾ ചെയ്യേണ്ട സിനിമയും പ്രമേയവുമാണെന്ന് തോന്നി. സെലക്ട് ചെയ്താണ് എപ്പോഴും സിനിമകൾ ചെയ്യുക. അതുകൊണ്ടാകും പ്രേക്ഷകർക്ക് എന്നെ കാണുമ്പോൾ മടുപ്പ് തോന്നാത്തത്. അവരുടെ ഉള്ളിൽ കയറിക്കൂടിയ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
മലയാള സിനിമ വലിയ വിജയങ്ങളിലൂടെ പോകുമ്പോൾ നടൻ എന്ന നിലയിൽ എങ്ങനെയാണ് സമീപനം ?
സിനിമ വളരുന്നതും വലിയ വിജയങ്ങൾ സംഭവിക്കുന്നതും സന്തോഷം തരുന്നു. മമ്മുക്ക എന്ന മഹാനടൻ പോലും ഇതുവരെ കാട്ടാത്ത പ്രകടനം കാഴ്ചവയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്. അപ്പോൾ പുതിയ ചിന്താരീതിക്കും അവതരണ ശൈലിക്കും നമ്മളും തയ്യാറാകണം.
നടൻ എന്ന നിലയിൽ മാറിക്കൊണ്ടേയിരിക്കണം. എങ്കിലേ പ്രേക്ഷകർക്ക് പുതിയ അനുഭവം നൽകാൻ സാധിക്കൂ.നല്ല അവസരങ്ങൾ മാത്രമല്ല, പുതിയ ചിന്തകളും പുതിയ പ്രമേയങ്ങളും ഉണ്ടാകുമ്പോൾ അതിൽ എനിക്കും ഭാഗമാകാൻ കഴിയുന്നത് സന്തോഷം തരുന്നതാണ്.