
തിരുവനന്തപുരം: ഫോട്ടോകളും ഡോക്യുമെന്റുകളും വീഡിയോകളും വാട്ട്സാപ്പിൽ പങ്കുവയ്ക്കാൻ ഇനി ഇന്റർനെറ്റ് വേണ്ട. പുതിയ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ്. മാതൃകമ്പനിയായ മെറ്റയിലേക്ക് ഇന്ത്യക്കാരുടെ ഉൾപ്പെടെ സ്വകാര്യവിവരങ്ങൾ പങ്കുവയ്ക്കുന്നതിനാൽ വാട്ട്സാപ്പിന് ഉപഭോക്താക്കളെ നഷ്ടമാകുന്നുവെന്നും മുഖം മിനുക്കാൻ പുത്തൻ സേവനങ്ങൾ കൊണ്ടുവരുമെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്തിടെ രണ്ട് മണിക്കൂറോളം ലോകത്താകെ വാട്ട്സാപ്പ് സേവനങ്ങൾ പണിമുടക്കിയതോടെ 3.6 കോടിയുടെ നഷ്ടം വന്നിരുന്നു.ഇതെല്ലാം കണക്കിലെടുത്താണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ബ്ലൂടൂത്ത് വഴിയാണ് പ്രവർത്തനം. നിലവിൽ ക്വിക്ക് ഷെയർ, ഷെയർ ഇറ്റ് പോലുള്ള ആപ്പുകളിലൂടെ ബ്ലൂടൂത്ത് വഴി ഫോട്ടോ പങ്കിടാം. വാട്ട്സാപ്പിന്റെ അടുത്ത അപ്ഡേറ്റിൽ ഈ സേവനം വന്നേക്കും.ഇത് എൻഡ് ടു എൻഡ് എൻക്രിപ്റ്റട് ആയിരിക്കുമെന്നാണ് വാട്ട്സാപ്പിന്റെ വാഗ്ദാനം.
ഫോട്ടോ അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും സെറ്റിംഗ്സിൽ 'പീപ്പിൾ നിയർബൈ' ഐക്കൺ ഓൺ ചെയ്യണം. ഇത് ബ്ലൂടൂത്ത് പോലെ പ്രവർത്തിക്കും. ഫോൺ കണക്ട് ചെയ്യാവുന്നത്ര അടുത്താണോ എന്നറിയാൻ സെറ്റിംഗ്സിൽ ലൊക്കേഷൻ അനുമതി നൽകണം.
നിലവിൽ ആരുടെ വാട്ട്സാപ്പിലേക്കും ആർക്കും ഫോട്ടോകൾ അയയ്ക്കാം. പുതിയ സേവനത്തിൽ അയയ്ക്കുന്നവരും സ്വീകരിക്കുന്നവരും 'എഗ്രീ' ഓപ്ഷൻ ക്ലിക്ക് ചെയ്താലേ ഫയൽ കൈമാറ്റം നടക്കൂ. ഫോൺ നമ്പർ സേവ് ചെയ്യേണ്ട. ഇതോടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നും ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിലും ഫയലുകൾ കൈമാറാമെന്നും വാട്ട്സാപ്പ് പറയുന്നു.
ടെലഗ്രാമിന് പണി
നിലവിൽ വലിയ ഫയലുകൾ അയയ്ക്കാൻ വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്നത് ടെലഗ്രാമിനെയാണ്. ഗ്രൂപ്പുകളും സ്റ്റാറ്റസുകളും ഉള്ളതിനാൽ വാട്ട്സാപ്പ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെടാറുണ്ട്. വാട്ട്സാപ്പ് ഉപേക്ഷിച്ച വിദ്യാർത്ഥികളെ തിരികെയെത്തിക്കുകയാണ് പുതിയ സേവനത്തിലൂടെ വാട്ട്സാപ്പിന്റെ ലക്ഷ്യം. ടെലഗ്രാമിന്റെ സീക്രട്ട് ഗ്രൂപ്പിന് സമാനമായി ഗൗരവതരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹിഡൻ ഗ്രൂപ്പുകൾ വാട്ട്സാപ്പിൽ വരുമെന്നും സൂചനയുണ്ട്. നിർമ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള സ്റ്റിക്കറുകളും ഉടൻ പുറത്തിറക്കും.