s

സാധാരണ ജനങ്ങൾക്ക് ചൂഷണമില്ലാതെ മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രങ്ങളാണ് കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികൾ. പലപ്പോഴും മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് അഭിനന്ദനങ്ങൾ ലഭിക്കാറില്ല. പകരം ഒരു ചെറിയ പിഴവുണ്ടായാൽപ്പോലും,​ അത് പർവതീകരിച്ച് വിമർശിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ആരും കളയാറില്ല. ഫലത്തിൽ ഇത് സാധാരണക്കാരെപ്പോലും സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലേക്ക് തള്ളിവിടാനേ ഉപകരിക്കുകയുള്ളൂ. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചികിത്സാ പിഴവുകളാകട്ടെ രോഗിയുടെ ബന്ധുക്കൾ പോലും അറിയാറുമില്ല. രോഗികളുടെ എണ്ണക്കൂടുതൽ കാരണം പലപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കുന്നതിനെക്കുറിച്ച് പരാതികൾ ഉയരുക സ്വാഭാവികമാണെങ്കിലും,​ സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സ,​ ബി.പി.എൽകാർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിനിമം പണം നൽകിയും നടക്കുന്നുണ്ട് എന്നത് കാണാതിരിക്കാനാകില്ല.

മെഡിക്കൽ കോളേജുകൾക്ക് എതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അവിടെ ശസ്ത്രക്രിയയ്ക്കും മറ്റും ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനികളും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. പലപ്പോഴും അവരുടെ വാണിജ്യ താത്‌പര്യങ്ങൾക്ക് എതിരുനിൽക്കുന്ന ഡോക്ടർമാരെയും മറ്റും പ്രതിക്കൂട്ടിൽ നിറുത്തുന്ന പല വാർത്തകളും ഇവർ പടച്ചുവിടാറുണ്ട്. അത്തരമൊരു വാർത്തയാണ് സ്റ്റെന്റ് ക്ഷാമത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയകൾ മുടങ്ങിയെന്ന മട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില മാദ്ധ്യമങ്ങളിൽ വന്നത്. ഇത് വസ്തുതാവിരുദ്ധമായ വാർത്തയായിരുന്നു. 48 മണിക്കൂറിൽ 24 ശസ്ത്രക്രിയകൾ എന്ന തലക്കെട്ടിൽ ഇതുസംബന്ധിച്ച് ഞങ്ങളുടെ ലേഖകൻ കെ.എസ്. അരവിന്ദ് തയ്യാറാക്കിയ വസ്തുതാപരമായ റിപ്പോർട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശസ്‌ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റ്, കത്തീറ്റർ, ബലൂൺ, വയർ, പേസ് ‌ മേക്കർ തുടങ്ങിയ സാമഗ്രികളെല്ലാം ആശുപത്രിയിൽ സ്റ്റോക്കുണ്ട്. ശസ്‌ത്രക്രിയയ്ക്ക് ആവശ്യമായ സാമഗ്രികൾക്ക് ക്ഷാമം വന്നാൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ച് അടിയന്തര പ്രാധാന്യമുള്ളവ മാത്രമായി ചുരുക്കുന്നതാണ് പതിവ്. എന്നാൽ അത്തരമൊരു സാഹചര്യം കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. എന്നാൽ. ഇതിനു വിരുദ്ധമായ വാർത്ത പ്രചരിപ്പിച്ചത് ശസ്‌ത്രക്രിയാ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനികളെ സഹായിക്കാനായിരുന്നു എന്നതു വ്യക്തമാണ്. അതേസമയം സ്വകാര്യ കമ്പനികൾക്ക് ശസ്ത്രക്രിയാ സാധനങ്ങൾ വിതരണം ചെയ്തതിന് വൻ കുടിശ്ശിക സർക്കാർ വരുത്തിയിട്ടുണ്ട്. ഇത് ശരിയായ കാര്യമല്ല.

സമയാസമയങ്ങളിൽ സർക്കാർ ഫണ്ട് അനുവദിക്കാതിരിക്കുന്നതാണ് ഇത്തരം വിവാദങ്ങൾക്ക് കളമൊരുക്കുന്നത്. സർക്കാരിന്റെ ഈ സമീപനത്തിൽ പ്രതിഷേധിച്ച് ശസ്ത്രക്രിയാ സാമഗ്രികളുടെ വിതരണം ഏജൻസികൾ നിറുത്തിവച്ചിരുന്നു. അത് മറികടക്കാൻ ഐ.എച്ച്.ഡി.ബിക്ക് 10 കോടി അനുവദിച്ച് എസ്.എ.ടിയോടു ചേർന്നുള്ള ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് ഒരു മാസത്തേക്ക് 5 മെഡിക്കൽ കോളേജുകളിലേക്ക് സ്റ്റെന്റ് ഉൾപ്പെടെ വാങ്ങാൻ തീരുമാനിച്ചിരുന്നു. ഐ.എച്ച്.ഡി.ബി വഴി സ്റ്റെന്റ് ഉൾപ്പെടെ വാങ്ങിയാൽ വിതരണക്കാരും കാർഡിയോളജി വിഭാഗവും തമ്മിലുള്ള ഇടപാട് അവസാനിച്ചേക്കാം. കമ്മിഷനും മറ്റുമുള്ള ഇടപാടുകളാണിത്. ഇത് ഭീഷണിയാകുമെന്നത് മുൻകൂട്ടി കണ്ടാണ് ശസ്ത്രക്രിയ നിലച്ചതായി പ്രചരിപ്പിച്ചത്. ഏതായാലും ഈ നിലയിലുള്ള പ്രചാരണം ആര് നടത്തിയാലും അത് പാവപ്പെട്ടവന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നതിനു തുല്യമാണ്.