
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി ഒരു സീറ്രും നേടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തുപോലുമെത്തില്ല. സംസ്ഥാനത്ത് ഇടതുമുന്നണി പുതുചരിത്രം രചിക്കും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം.
ഇടതുപക്ഷത്തിന് കൂടുതൽ സീറ്റ് കേരളത്തിലാവും കിട്ടുക. മുസ്ലീങ്ങൾക്കെതിരെ കലാപം ഉയർത്തിവിടും വിധത്തിലുള്ള പരാമർശമാണ് പ്രധാനമന്ത്രി നടത്തിയത്. ഇത് വർഗ്ഗീയ ഭ്രാന്താണ്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോഴുള്ള പരാജയ ഭീതിയാണ് ഇതിനു കാരണം. പരാതിപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടഭാവം കാട്ടുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങൾ ആർ.എസ്.എസ് നിയന്ത്രണത്തിലാണ്.
കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ സംഘത്തെ വി.ഡി. സതീശനും കോൺഗ്രസ് നേതൃത്വവും വാനോളം പുകഴ്‌ത്തുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അങ്ങോട്ടു പറയുമ്പോൾ തിരിച്ചും കിട്ടും
രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി. അൻവറിനെ ഗോവിന്ദൻ ന്യായീകരിച്ചു. അൻവർ പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വിശദമാക്കിയിട്ടുണ്ട്. അങ്ങോട്ടു പറയുമ്പോൾ ചിലത് ഇങ്ങോട്ടും പറയും. അൻവർ പറഞ്ഞത് രാഹുലിന്റെ രാഷ്ട്രീയ ഡി.എൻ.എയെക്കുറിച്ചാണ്. തിരുവനന്തപുരത്തെ മത്സരം പന്ന്യൻ രവീന്ദ്രനും ശശിതരൂരും തമ്മിലാണ് മത്സരം. രാജീവ് ചന്ദ്രശേഖർ ഭൂപടത്തിന് പുറത്താണെന്നും ഗോവിന്ദൻ വ്യക്തമാക്കി.